കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോലി ഉപയോഗിച്ച ശേഷം വിറ്റ കാര്‍ കേരളത്തില്‍ വില്‍പ്പനയ്ക്കായി എത്തിച്ചു. ലംബോര്‍ഗിനി കാര്‍ ആണ് വില്‍പ്പനയ്ക്കായി കൊച്ചി കുണ്ടന്നൂരിലെ റോയല്‍ ഡ്രൈവ് ഷോറൂമില്‍ എത്തിച്ചിരിക്കുന്നത്. പതിനായിരത്തോളം കിലോമീറ്റര്‍ ഓടിച്ച ശേഷം കോലി വിറ്റ കാര്‍ മറ്റൊരാള്‍ വാങ്ങുകയും മുംബൈയില്‍ അയാളുടെ പക്കല്‍ നിന്ന് കൊച്ചിയില്‍ എത്തിക്കുകയുമായിരുന്നു.

ആറ് മാസം മുന്‍പ് കൊച്ചിയില്‍ എത്തിച്ച കാറിന്റെ വില ഒരു കോടി 35 ലക്ഷം രൂപയാണ്. സെലിബ്രിറ്റികള്‍ കൂടുതലും ഉപയോഗിക്കുന്ന ലംബോര്‍ഗിനിയുടെ കണ്‍വേര്‍ട്ടബിള്‍ മോഡല്‍ ആണ് വില്‍പ്പനയ്ക്ക എത്തിച്ചിരിക്കുന്നത്. കോലി ഉപയോഗിച്ചിരുന്ന കാര്‍ ആയതിനാല്‍ തന്നെ വാഹനം നേരില്‍ കാണാന്‍ നിരവധി പേരാണ് ഷോറൂമില്‍ എത്തുന്നത്.

സെലിബ്രിറ്റികള്‍ ഉപയോഗിച്ച ശേഷം വില്‍പ്പന നടത്തുന്ന കാറുകള്‍ക്ക് കേരളത്തില്‍ വലിയ ഡിമാന്‍ഡാണ് ഉള്ളതെന്നും അതുകൊണ്ട് തന്നെ ഈ കാറിന്റെ വില കാരണം വിറ്റ് പോകാത്ത അവസ്ഥയുണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ഷോറൂം അധികൃതര്‍ പറയുന്നത്.

Content Highlights: Car used by Virat Kohli for sale in Kerala