നാട്ടകം ബൈപ്പാസിൽ വെള്ളക്കെട്ടിൽ വീണ കാർ
കോട്ടയം: തിരുവാതുക്കല്‍ നാട്ടകം ബൈപ്പാസില്‍ പാറേച്ചാലിനടുത്ത് കാര്‍ വെള്ളക്കെട്ടില്‍ വീണു. മൂന്നു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ കാറിലുണ്ടായിരുന്ന നാലുപേരെ നാട്ടുകാര്‍ രക്ഷിച്ചു.
വ്യാഴാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം. എറണാകുളത്തുനിന്നു പത്തനംതിട്ട കുമ്പനാട്ടിലേക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. തിരുവാതുക്കലില്‍നിന്ന് എം.സി. റോഡിലേക്ക് കയറാന്‍ നാട്ടകം ബൈപ്പാസ് വഴി പോയപ്പോഴാണ് അപകടമുണ്ടായത്. കനത്തമഴയില്‍ ബൈപ്പാസിന്റെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായിരുന്നു. രാത്രിയില്‍ ഈ റോഡില്‍ വെളിച്ചവും കുറവാണ്. പാറേച്ചാല്‍ പാലത്തിനടുത്ത് ജെട്ടിക്കുസമീപമെത്തിയപ്പോള്‍ കാര്‍ വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു.
കുമ്പനാട് സ്വദേശികളായ ഡോ. സോണിയ, അമ്മ ശോശാമ്മ, ബന്ധു അനീഷ്, സോണിയയുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. സമീപത്തെ കടയിലുണ്ടായിരുന്ന വീട്ടമ്മ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് കാര്‍ വെള്ളത്തില്‍ പതിച്ചത് കണ്ടത്. ഇവര്‍ നിലവിളിച്ചതോടെ സമീപവാസികള്‍ ഓടിക്കൂടി. കാറിന്റെ മുന്‍ഭാഗം വെള്ളത്തിലേക്ക് കൂപ്പുകുത്തിയ നിലയിലായിരുന്നു. വടം കാറില്‍ കെട്ടിയുറപ്പിച്ച് നാട്ടുകാര്‍ യാത്രക്കാരെ പുറത്തെത്തിച്ച് തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. നൂറ് മീറ്ററോളം വെള്ളക്കെട്ടിലൂടെ കാര്‍ ഒഴുകിനീങ്ങി. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഡ്രൈവര്‍ കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
പാേറച്ചാല്‍ നിവാസികളായ വിജു കല്ലൂത്ര, ജിഷ്ണു, അരുണ്‍ അശോക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടകാരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. കോട്ടയം വെസ്റ്റ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
Content Highlights: car fell into water in kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..