'ദൈവംകൂടി തുണച്ചതിനാലാണ് അവരെ രക്ഷിക്കാന്‍ സാധിച്ചത്'; കാര്‍ വെള്ളത്തിലൂടെ ഒഴുകിയത് 200 മീറ്ററോളം


3 min read
Read later
Print
Share

കോട്ടയം പാറേച്ചാൽ പുത്തനാർ തോടിന്റെ കൈവഴിയിൽ വ്യാഴാഴ്ച രാത്രിയിൽ വീണ കാറിനുസമീപം, രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ രജനി സനലും ലേഖാ സജീവും

കോട്ടയം: ''ദൈവംകൂടി തുണച്ചതിനാലാണ് അവരെ രക്ഷിക്കാന്‍ സാധിച്ചത്'' -പാറേച്ചാല്‍ പാലത്തിനടുത്ത് വെള്ളത്തില്‍വീണ കാറില്‍നിന്ന് പിഞ്ചുകുഞ്ഞടക്കം നാലുപേരെ രക്ഷിച്ച നാട്ടുകാരില്‍ ഒരാളായ പുത്തന്‍കരി വീട്ടില്‍ രജനി സനല്‍ പറയുന്നു.

വ്യാഴാഴ്ച രാത്രി പത്തേകാലോടെയാണ് എറണാകുളത്തുനിന്നു പത്തനംതിട്ട കുമ്പനാട്ടേക്ക് പോകുകയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. കുമ്പനാട് ഞാലിപ്പറമ്പില്‍ ഡോ. സോണിയ ജെറി(34), അമ്മ ശോശാമ്മ(71), ബന്ധു അനീഷ്(21), സോണിയയുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. പാറേച്ചാല്‍ പുത്തനാര്‍ തോട്ടിലേക്കാണ് കാര്‍ വീണത്.

വീടിനോട് ചേര്‍ന്ന് കട നടത്തുന്ന പതിനാറില്‍ചിറ സനലും ഭാര്യ സിന്ധുവുമാണ് ഇത് ആദ്യം കാണുന്നത്. കാറില്‍നിന്ന് 'രക്ഷിക്കണേ' എന്ന് ഉറക്കെപ്പറയുന്നതും കേട്ടു. ഇതിനിടെ കാര്‍ ഇടത്തോട്ടിലേക്ക് ഒഴുകി. ഇവര്‍ ഇക്കരെയുള്ള കരയിലൂടെ ഓടി നാട്ടുകാരെ വിളിച്ചുകൂട്ടി. ഇതിനിടെ, ചെറിയ തോടിന് കുറുകെയുള്ള പാലം കടന്ന് കാര്‍ മുന്നോട്ടൊഴുകി.

ആള്‍ക്കാരെല്ലാം തോട്ടിന്‍കരയിലൂടെ മുന്നോട്ട് ഓടി. സനല്‍, സനലിന്റെ മരുമകന്‍ വിഷ്ണു, മണപ്പുറത്ത് വീട്ടില്‍ സത്യന്‍ എന്നിവര്‍ വെള്ളത്തിലേക്ക് ചാടിയിറങ്ങി കാര്‍ കരയ്ക്ക് അടുപ്പിച്ചു. സനല്‍ തുഴകൊണ്ട് കാറിന്റെ ഡോര്‍ തല്ലിത്തുറന്നു.

കാറിന്റെ മുന്‍ഭാഗം വെള്ളത്തിലേക്ക് കൂപ്പുകുത്തിയ നിലയിലായിരുന്നു. നാട്ടുകാര്‍ കാറില്‍ കയര്‍ കെട്ടി യാത്രക്കാരെ പുറത്തെത്തിച്ചു.

കാര്‍ 200 മീറ്ററോളം ഒഴുകി

രക്ഷപ്പെട്ടവരുടെ ഫോണുകളും മറ്റും നഷ്ടപ്പെട്ടിരുന്നു. ഡോ. സോണിയ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍, ഭര്‍ത്താവ് വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോ.ജെറിയെ വിളിച്ചു. അപ്പോഴേക്കും കോട്ടയം വെസ്റ്റ് പോലീസും അഗ്‌നിരക്ഷാസേനയും എത്തി. ബന്ധുക്കള്‍വന്നശേഷം നാട്ടുകാര്‍ തോട്ടിന്‍കരയിലൂടെ സോണിയയേയും കുടുംബത്തേയും റോഡിലേക്ക് എത്തിച്ചു.

അപകടമുണ്ടായത്

തിരുവാതുക്കലില്‍നിന്ന് എം.സി. റോഡിലേക്ക് കയറാന്‍ നാട്ടകം ലക്ഷ്യമാക്കി പോകുമ്പോഴാണ് വഴി തെറ്റിയത്. പാറേച്ചാല്‍ പ്രധാന ജങ്ഷനില്‍നിന്ന് പാറേച്ചാല്‍ ജെട്ടി ഭാഗത്തേക്ക് മാറിയോടിയ കാര്‍ നേരെ പുത്തനാര്‍തോട്ടില്‍ പതിച്ചു. ബോട്ട് പോകുന്ന ജലപാതയാണിത്. ഈ തോട് മുറിച്ച് ഒഴുകിയ കാര്‍ അക്കരെയുള്ള ഒരു ചെറിയ തോട്ടിലേക്ക് കയറിയപ്പോഴാണ് നാട്ടുകാര്‍ കണ്ടത്. ഹെഡ് ലൈറ്റ് കത്തിനിന്നതിനാല്‍ പെട്ടെന്ന് കാര്‍ കാണാനുമായി.

കാര്‍ വെള്ളത്തിലായാല്‍ രക്ഷപ്പെടാന്‍...

കോട്ടയം: വഴിതെറ്റിയും നിയന്ത്രണംവിട്ടും കാറുകള്‍ വെള്ളത്തില്‍ പോകുന്ന സംഭവങ്ങള്‍ കൂടുന്നു. കാര്‍ വെള്ളത്തില്‍ വീണാല്‍ എന്തുചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. അല്പം മനസ്സാന്നിധ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഈ അപകടസന്ധിയെ നേരിടാം. കാറുകള്‍ വെള്ളം കയറാത്തവയല്ല. വാതിലുകളും ചില്ലുകളും അടഞ്ഞിരിക്കുകയാണെങ്കില്‍ ഉള്ളിലേക്ക് വെള്ളം കടക്കുന്നത് സാവധാനത്തിലായിരിക്കുമെന്നു മാത്രം. ഉള്ളില്‍ സാമാന്യം വെള്ളം കയറിക്കഴിഞ്ഞാലേ കാര്‍ മുങ്ങിത്തുടങ്ങൂ. കാറിന്റെ അടിത്തട്ടിനെക്കാള്‍ ഉയരത്തില്‍ വെള്ളമുണ്ടെങ്കില്‍ വാഹനം റോഡില്‍നിന്ന് ഉയരും. കാറിനുള്ളിലും ടയറുകളിലും വായു ഉള്ളതാണ് കാരണം. സാധാരണ കാറുകള്‍ക്ക് ശരാശരി 1200 കിലോഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂ എന്നതും ഓര്‍ക്കണം. ഒഴുക്കുള്ള വെള്ളത്തില്‍ കാറും ഒഴുകി നീങ്ങും. പിന്നീട് ഉള്ളില്‍ വെള്ളം കയറുന്നതിനനുസരിച്ച് ക്രമേണയാകും മുങ്ങുക.

റോഡിലൂടെ വെള്ളം കയറി ഒഴുകുന്നുണ്ടെങ്കില്‍ അവിടെ വാഹനം ഇറക്കരുത്. പാലവും കലുങ്കും ഉള്ള സ്ഥലങ്ങളില്‍ പ്രത്യേകശ്രദ്ധ വേണം. പെട്ടെന്ന് ഒഴുക്ക് കൂടാം.

• വെള്ളത്തിലിറങ്ങിയ കാര്‍ റോഡില്‍നിന്ന് ഉയരുന്നെന്ന് തോന്നിയാല്‍ വളരെ വേഗം വാതില്‍ തുറന്ന് പുറത്തിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണം. കുട്ടികളെ കൈപിടിച്ചുകൊണ്ടുപോകണം.

• വാതിലിന്റെ അടിഭാഗം കുറെ മുങ്ങിക്കഴിഞ്ഞാല്‍, പുറത്തെ വെള്ളത്തിന്റെ സമ്മര്‍ദ്ദംകൊണ്ട് വാതില്‍ തുറക്കാന്‍ കഴിയില്ല. മുന്നിലെയോ പിന്നിലെയോ വശത്തെയോ ഗ്‌ളാസ് തകര്‍ത്ത് പുറത്ത് കടക്കുകയാണ് വേണ്ടത്.

• ഗ്ലാസ് പൊട്ടിക്കുന്നതിന് സീറ്റിന് മുകളിലുള്ള ഹെഡ്റെസ്റ്റ്, സീറ്റ് ബെല്‍റ്റിനൊപ്പമുള്ള ലോഹബക്കിള്‍ എന്നിവ ഉപയോഗിക്കാം. ഗ്ലാസ്സിന്റെ സൈഡിലോ, മൂലകളിലോ പ്രഹരമേല്പിക്കുക. ഒരിക്കലും മധ്യഭാഗം പൊട്ടിക്കരുത്.

• മറുസൈഡിലെ സീറ്റിലേയ്ക്ക് കിടന്ന് ശക്തിയോടെ ഇരുകാലുകള്‍കൊണ്ടും ചവിട്ടിയും ഗ്ലാസ്സ്തകര്‍ക്കാം.

• ആരോഗ്യമുള്ള മുതിര്‍ന്ന ആരെങ്കിലും ആദ്യം പുറത്തിറങ്ങുക. ആ ആളുടെ സഹായത്തോടെ കുട്ടികളെയും പ്രായം ചെന്നവരെയും ആദ്യം കാറില്‍നിന്നിറക്കി സുരക്ഷിത സ്ഥാനത്തെത്തിക്കുക.

• എല്ലാവരും സുരക്ഷിത സ്ഥാനത്തെത്തിയ ശേഷം മാത്രം വാഹനം കരയ്ക്കെത്തിക്കുന്നതിനുള്ള മാര്‍ഗം ആരായുക.

ഗൂഗിള്‍ മാപ്പ് സുരക്ഷിതമോ

• ഗൂഗിള്‍ മാപ്പ് നോക്കിയുള്ള ഡ്രൈവിങ് പൂര്‍ണമായും സുരക്ഷിതമെന്ന് കരുതരുത്. അങ്ങനെ യാത്രചെയ്ത പലരും അപകടത്തില്‍പ്പെട്ട സംഭവങ്ങളുണ്ട്. ഗൂഗിള്‍ മാപ്പ് നോക്കിയുള്ള രാത്രിയാത്രയിലാണ് കൂടുതല്‍പ്രശ്‌നങ്ങളും ഉണ്ടാകുന്നത്.

അപകടം ഒഴിവാക്കാം

• നാവിഗേഷന്‍ ആപ്പുകള്‍ കാലോചിതമായി അപ്ഡേറ്റ് ചെയ്യണം. ഗൂഗിള്‍മാപ്പില്‍ പോകേണ്ടസ്ഥലം ടൈപ്പ് ചെയ്തുകൊടുത്താല്‍ എളുപ്പവഴിയായിരിക്കും കാണിക്കുന്നത്. വാഹനങ്ങള്‍ സുഗമമായി പോകുമോ എന്നകാര്യം വ്യക്തമായിരിക്കില്ല. ഗൂഗിള്‍ മാപ്പിനെക്കാള്‍ കണ്‍മുന്നിലുള്ള റോഡിനെ വിശ്വസിക്കുക. കാലാവസ്ഥാ ഘടകങ്ങളും സ്ഥലത്തിന്റെ പ്രത്യേകതകളും (നദീതീരം, മലഞ്ചെരിവ് തുടങ്ങിയവ) കണക്കിലെടുക്കുക. സംശയം വന്നാല്‍ സമീപവാസികളോട് ചോദിച്ചുമാത്രം യാത്ര തുടരുക.

Content Highlights: car falling into water, family of four was rescued by locals

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
k surendran and b gopalakrishnan

1 min

കേരളത്തിലെ ഹിന്ദുക്കൾക്ക് രാഷ്ട്രീയബോധം കുറവ്, അതുകൊണ്ടാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്- ഗോപാലകൃഷ്ണൻ

Jun 3, 2023


image

1 min

പുറത്തേക്കിറങ്ങിയപ്പോള്‍ കണ്ടത് വികൃതമായ നിലയില്‍ മൃതദേഹങ്ങള്‍; നടുക്കുന്ന ഓര്‍മയില്‍ മലയാളി

Jun 3, 2023


Bishop Franco Mulakkal

1 min

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു

Jun 1, 2023

Most Commented