ഗൗരിയമ്മയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: എസ് ശ്രീകേഷ്
തിരുവനന്തപുരം : അന്ത്യയാത്രയ്ക്കൊരുങ്ങിയ ഗൗരിയമ്മ ചെങ്കൊടി പുതച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ മുക്കാല്‍ പങ്കും ഉയര്‍ത്തിപ്പിടിച്ച അതേ കൊടി. അതില്‍ അരിവാളും ചുറ്റികയും ആലേഖനം ചെയ്തിരുന്നു. വിപ്ലവനായിക ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ പിന്നീടേറ്റുപിടിച്ച ബേബി സഖാവും വിജയരാഘവന് സഖാവുമാണ് ഇതിഹാസമായി മാറിയ ധീരവനിതയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചത്. മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കള്‍ അന്ത്യാഭിവാദ്യം നല്കി. അന്ത്യാഞ്ജലി അര്‍പ്പിച്ച നേതാക്കളില്‍ ആ നിമിഷം സ്മരണകള്‍ ഇരമ്പി. ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഇനി കാലത്തിനും ചരിത്രത്തിനും ഒപ്പം സാക്ഷി. വിപ്ലവ വീര്യത്തിന് തലസ്ഥാനം വിടചൊല്ലി.
ഗൗരിയമ്മയുടെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് അരൂരിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് മൃതദേഹം സംസ്കരിക്കാനായി അരൂരിലേക്ക് കൊണ്ടു പോയത്.
സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോള് കെ. ആർ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒട്ടേറെ പേരാണ് എത്തിയത്. അയ്യങ്കാളി ഹാള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥ ഉണ്ടായെങ്കിലും ഇരിപ്പിടങ്ങള്‍ അടക്കം ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. പോലീസ് പാസ്സുള്ളവര്‍ക്ക് മാത്രമാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദമുണ്ടായിരുന്നത്. ഒരു പക്ഷെ കോവിഡ് കാലമല്ലായിരുന്നെങ്കിൽ ലക്ഷങ്ങൾ പങ്കെടുക്കേണ്ടിയിരുന്ന യാത്രയയപ്പ്.
കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങീ പ്രമുഖര്‍ അയ്യങ്കാളി ഹാളില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. എ വിജയരാഘവനും എംഎ ബേബിയും ചേര്‍ന്ന് ഗൗരിയമ്മയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു.
കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കെആര്‍ ഗൗരിയമ്മ. ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയാണ് അന്തരിച്ചത്.
content highlights: Capital bids Adieu to KR Gouriyamma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..