പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച പതിനെട്ടുകാരിയുടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായില്ല. ഹോട്ട്‌സ്‌പോട്ട് ആയിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് വന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് വ്യക്തമാക്കി. കുട്ടിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
നിസാമുദ്ദീന്‍ ഹോട്ട്‌സ്‌പോട്ട് ആയതിനാല്‍ അവിടെ നിന്ന് വന്നിട്ടുള്ള മതസമ്മേളനത്തില്‍ പങ്കെടുത്തവരും അല്ലാത്തവരുമായ ആള്‍ക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ദേര നൈഫില്‍ നിന്ന് വന്നിട്ടുള്ളവരേയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇവിടുങ്ങളില്‍ നിന്നും വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പറഞ്ഞു.
വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടി നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസില്‍ എറണാകുളം വരെ യാത്ര ചെയ്യുകയും തുടര്‍ന്ന് ശബരി എക്‌സ്പ്രസില്‍ ചെങ്ങന്നൂരിലേക്കും എത്തുകയായിരുന്നു. അവിടെ നിന്ന് ബസ് മാര്‍ഗമാണ് വീട്ടിലേക്ക് എത്തിയത്. ട്രെയിനില്‍ നിസാമുദ്ദീനില്‍ നിന്നുള്ള ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ലക്ഷദ്വീപ് മംഗള എക്‌സ്പ്രസില്‍ കുട്ടി സഞ്ചരിച്ചിരുന്ന ബോഗിയിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അതേസമയം കുട്ടി ഡല്‍ഹി മെട്രോയിലടക്കം സഞ്ചരിച്ചിരുന്നതായും കളക്ടര്‍ പറഞ്ഞു.
അതേസമയം പെണ്‍കുട്ടിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ അമ്മയും സഹോദരനുമടക്കമുള്ള ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സെക്കന്ററി പട്ടികയില്‍ മൂന്ന പേര്‍ മാത്രമാണ് ഉള്ളത്.
കഴിഞ്ഞ പതിമൂന്നിന് ശേഷം കേളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം എത്തിയ പരമാവധി പേരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ പതിമൂന്നിന് ശേഷം 17 ട്രെയിനുകളിലായി ജില്ലയിലെത്തിയ 1191 പേരെ കണ്ടെത്തിയിരുന്നു.
Content Highlights: cant find corona source who tested positive in pathanamthitta