കോഴിക്കോട്: കനോലി കനാലിലെ മാലിന്യങ്ങള്‍ നീക്കി പൂര്‍വ സ്ഥിതിയിലാക്കാന്‍ ജില്ലാഭരണകൂടവും നിറവ് റസിഡന്റ്‌സ് അസോസിയേഷനും പത്തുദിവസത്തെ ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു.
കനത്ത മഴയ്ക്കിടെ കനോലി കനാല്‍ കരകവിഞ്ഞൊഴുകി സരോവരം ബയോപാര്‍ക്ക് അടക്കമുള്ളവ മുങ്ങിപ്പോവുകയും മലിനമാക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 11.2 കി.മി ദൂരത്ത് ശുചീകരണം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയത്.
മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 11.2 കിലോമീറ്റര്‍ ഭാഗത്തെ പ്ലാസ്റ്റിക് മാറ്റുകയാണ് ചെയ്യുക. രണ്ടാം ഘട്ടത്തില്‍ കുളവാഴകള്‍, അതിനു ശേഷം കാടുകള്‍ പിന്നീട് വന്‍കിട ആശുപത്രികളുടെ മലിനജലം ഒഴുകാതിരിക്കാനുള്ള ഇടപെടല്‍ എന്നിവയാണ് ചെയ്യുന്നത്. ഇതിനായി ഓവുചാലുകള്‍ക്ക് കുറുകെ വല വിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം കനാലിലേക്ക് വരാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നിറവ് കൂട്ടായ്മയുടെ സംഘാടകനായ ബാബു ചൂണ്ടിക്കാട്ടുന്നു.കോര്‍പറേഷന്‍ ശുചീകരണ വിഭാഗം, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് എന്നിവരുടെ സഹകരണവും തേടിയുട്ടുണ്ട്.
ജില്ലാ കളക്ടര്‍ യു.വി ജോസ് ശുചീകരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സരോവരം ബയോപാര്‍ക്കിന്റെ പ്രധാന പ്രവേശന കവാടത്തിനരികെ നിന്നാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഭക്ഷണ വിതരണം കാറ്ററിംഗ് അസോസിയേഷനും, ആരോഗ്യ കാര്യങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘവും ഐ.എം.എ ഉള്‍പ്പെടെയുള്ളവരും ഏറ്റെടുത്തിട്ടുണ്ട്.
മഴ ശക്തമായപ്പോള്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നതായിരുന്നു കനോലി കനാല്‍ നിറഞ്ഞൊഴുകാന്‍ കാരണമായത്. നഗരത്തിന്റെ മാലിന്യം മുഴുവന്‍ വര്‍ഷങ്ങളായി ഏറ്റുവാങ്ങുകയായിരുന്ന കനാലില്‍ നിന്നും മാലിന്യങ്ങള്‍ അങ്ങനെ റോഡുകളിലേക്കും നഗരത്തിന്റെ പ്രധാനഭാഗങ്ങളിലേക്കുമെത്തി. ഇത് വലിയ വെള്ളപ്പൊക്കത്തിനും കാരണമായിരുന്നു.