പാലക്കാട്: ലോറിയില്‍ രഹസ്യ അറയിലാക്കി കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ കഞ്ചാവുമായി മൂന്നുപേര്‍ വാളയാര്‍ അതിര്‍ത്തിയില്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ എരപ്പക്കാട് തയ്യില്‍വീട്ടില്‍ ബാദുഷ (26), പെരിന്തല്‍മണ്ണ എടപ്പൊറ്റപ്പിക്കാട് വാക്കേല്‍വീട്ടില്‍ ഫായിസ് (21), ഇടുക്കി ഉടുമ്പന്‍ചോല കട്ടപ്പന നരിയന്‍പാറ വരവുമലയില്‍ ജിഷ്ണു (24) എന്നിവരാണ് പിടിയിലായത്.

പാലക്കാട് അസി. എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘവും പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാണുമ്പോള്‍ കാലിവണ്ടിയാണെന്ന് തോന്നിക്കുമെങ്കിലും ലോറിയുടെ പെട്ടിക്കടിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. ആന്ധ്രാപ്രദേശില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് മൂവരും പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

kanjav

ഇവര്‍ സ്ഥിരമായി കഞ്ചാവും മറ്റു മയക്കുമരുന്നുകളും വന്‍തോതില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു കടത്തി രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ച് വില്പന നടത്തുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവുകടത്തുസംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടാവാമെന്നും അന്വേഷണം ഊര്‍ജിതമാക്കിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.