തിരുവനന്തപുരം: അപകടകരമായ മയക്കുമരുന്ന് പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. നേരത്തെ തന്നെ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച്  ഇന്ത്യ വോട്ട് ചെയ്തതിനെ പരാമര്‍ശിച്ചുകൊണ്ടാണ്  തരൂരിന്റെ ട്വീറ്റ്. യു.എന്‍. നാര്‍ക്കോട്ടിക് മയക്കുമരുന്ന് കമ്മീഷനില്‍ വന്ന (സി.എന്‍.ഡി.) പ്രമേയത്തെ അനുകൂലിച്ചുകൊണ്ടാണ് ഇന്ത്യ കഴിഞ്ഞ ദിവസം വോട്ട് ചെയ്തത്.

'ഞാന്‍ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. രണ്ടു വര്‍ഷം മുമ്പ് ഇത് നിയമവിധേയമാക്കാനുള്ള നയശുപാര്‍ശ നടത്തിയപ്പോള്‍ എനിക്ക് നേരെ ആക്രമണമുണ്ടായി. കഞ്ചാവ് കൈവശം വെച്ചതിന് ബോളിവുഡ് താരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനിടയിലും, അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള യുഎന്‍ കമ്മീഷന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു' തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

2018-ല്‍ കഞ്ചാവിനെ നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ച് താനിട്ട ട്വീറ്റും തരൂര്‍ ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. 'എന്റെ അനന്തരവന്‍ അവിനാശ് തരൂരുമായി, രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും അനുകൂലമായി വാദിച്ചുകൊണ്ട് ഞാന്‍ മയക്കുമരുന്ന് നയ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു' തന്റെ പഴയ ട്വീറ്റില്‍ തരൂര്‍ ഇങ്ങനെ കുറിച്ചു. 

1961ലെ മയക്കുമരുന്ന് മരുന്നുകള്‍ക്കായുള്ള സിംഗിള്‍ കണ്‍വെന്‍ഷന്റെ ഷെഡ്യൂള്‍ ഫോറില്‍നിന്ന് കഞ്ചാവ് നീക്കം ചെയ്യാനുള്ള തീരുമാനത്തിന് അനുകൂലമായിട്ടാണ് മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ വോട്ട് ചെയ്തത്. 53 അംഗ സി.എന്‍.ഡി. അംഗരാജ്യങ്ങളില്‍ ഇന്ത്യ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളടക്കം 27 വോട്ടുകളാണ് കഞ്ചാവിനെ ഈ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ചൈന, പാകിസ്താന്‍, റഷ്യ തുടങ്ങി 25 രാജ്യങ്ങള്‍ എതിര്‍ത്തു. അംഗരാജ്യമായ യുക്രൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.

Content Highlights: cannabis legalized-shashi tharoor tweet