കുറ്റ്യാടി/പൊന്നാനി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പൊന്നാനിയിലും കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. പൊന്നാനിയില്‍ പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെയും കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രകടനമായി തെരുവിലിറങ്ങിയത്.

പൊന്നാനിയില്‍ പി.നന്ദകുമാറിനു പകരം ടി.എം. സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേരാണ് പൊന്നാനിയില്‍ തെരുവിലിറങ്ങിയത്. പാര്‍ട്ടി കൊടികളും ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. ചന്തപ്പടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ചമ്രവട്ടത്തേക്ക് എത്തിയപ്പോളേയ്ക്കും നൂറു കണക്കിനാളുകള്‍ അണി ചേര്‍ന്നു. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രകടനം. 

രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന മാനദണ്ഡം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്പീക്കറും സിറ്റിങ് എംഎല്‍എയുമായ പി. ശ്രീരാമകൃഷ്ണനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. പൊന്നാനി മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എം. സിദ്ദീഖ് മത്സരിക്കുമെന്ന ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ടി.എം.സിദ്ദീഖ് രണ്ടു തവണ ശ്രീരാമകൃഷ്ണന് വേണ്ടി മാറി നിന്നതാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സംസ്ഥാന സമിതിയാണ് നന്ദകുമാറിന്റെ പേര് നിര്‍ദേശിച്ചത്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു.

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ മണ്ഡലത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.  കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ടാണ് കുറ്റ്യാടിയില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. 

കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയുകപോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. നേരത്തെ ഈ ആവശ്യം ഉയര്‍ത്തി പോസ്റ്ററുകള്‍ പതിച്ചിരുന്നു. വരുംദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

Content Highlights: CPM workers protest in Ponnani and Kuttyadi