എ.രാജ എംഎം മണിയ്‌ക്കൊപ്പം |ഫോട്ടോ:FB/Adv A Raja MLA
കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള മണ്ഡലമാണ് ദേവികുളം. കേരളത്തിലെ ആദ്യ എംഎല്‍എയായി സിപിഐയിലെ റോസമ്മ പുന്നൂസ് എത്തുന്നത് ദേവികുളത്ത് നിന്നാണ്. ശേഷം സിപിഐയും കോണ്‍ഗ്രസും മാറി മാറി പ്രതിനിധാനം ചെയ്ത ദേവികുളം സിപിഎം കൈവശമാക്കുന്നത് 1970 ജി.വരദനിലൂടെയാണ്. 1977-ല്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 1980-ല്‍ വീണ്ടും സിപിഎമ്മിനൊപ്പം നിന്ന മണ്ഡലം 1991 വരെ ഒപ്പം നിന്നു. 91-ല്‍ എ.കെ.മണിയിലൂടെ ദേവികുളം വീണ്ടും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. തുടര്‍ന്ന് മൂന്ന് തവണ മണി അരക്കിട്ടുറപ്പിച്ച മണ്ഡലം 2006 എസ്.രാജേന്ദ്രനിലൂടെയാണ് സിപിഎം സ്വന്തമാക്കിയത്. മൂന്ന് തവണ രാജേന്ദ്രനും ദേവികുളത്തെ പ്രതിനിധാനം ചെയ്തു.
സസ്‌പെന്‍സോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം
തുടര്‍ഭരണം ലക്ഷ്യമാക്കി 2021-ലെ തിരഞ്ഞെടുപ്പിന് സിപിഎം അവരുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല. മഞ്ചേശ്വരത്തും ദേവികുളത്തുമാണ് സിപിഎം സസ്‌പെന്‍സ് നിലനിര്‍ത്തിയത്. തമിഴ്, തോട്ടം മേഖലയായ ദേവികുളത്ത് എല്‍ഡിഎഫിനും യുഡിഎഫിനും ഒരു പോലെ നിര്‍ണായകമായിരുന്നു. ജാതി സമവാക്യങ്ങളും പ്രാദേശിക താത്പര്യങ്ങളുമായിരുന്നു ഈ സസ്‌പെന്‍സിന് പിന്നില്‍. ജാതി ഈ മണ്ഡലത്തിലെ പ്രധാനഘടകമായതിനാല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
എസ്.രാജേന്ദ്രന്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ. നേതാവ് എ.രാജ, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ആര്‍.ഈശ്വര്‍ എന്നിവരുടെ പേരുകളാണ് സി.പി.എം. പരിഗണനക്ക് വന്നത്. കോണ്‍ഗ്രസാകട്ടെ മൂന്നാര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.കുമാര്‍, മുത്തുരാജ്, എസ്.രാജ, രാജാറാം തുടങ്ങിയവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന് അയച്ചത്. ഡി.കുമാറിനാണ് നറുക്കുവീഴുന്നതെങ്കില്‍ എ.രാജയെ രംഗത്തിറക്കാമെന്നാണ് സിപിഎമ്മും കണക്കുകൂട്ടിയത്. ഇരുവരും ഒരേ സമുദായക്കാരാണെന്നതാണ് കാരണം.മറിച്ചാണെങ്കില്‍ ആര്‍.ഈശ്വറിനെ കളത്തിലിറക്കാനും തീരുമാനിച്ചു. ഒടുവില്‍ കോണ്‍ഗ്രസ് ഡി.കുമാറിനെ പ്രഖ്യാപിച്ചു.സിപിഎം എ.രാജയേയും. തിരഞ്ഞെടുപ്പില്‍ 7848 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ.രാജ ജയിച്ചു.
സത്യപ്രതിജ്ഞ രണ്ടു തവണ
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ സസ്‌പെന്‍സ് പോലെ തിരഞ്ഞെടുപ്പിന് ശേഷവും ദേവികുളം വാര്‍ത്തയില്‍ ഇടംപിടിച്ചു. വിജയിച്ച ശേഷം രണ്ട് സ്പീക്കര്‍മാര്‍ക്ക് മുന്നിലാണ് എ.രാജയ്ക്ക് സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. ആദ്യത്തെ സത്യപ്രതിജ്ഞയിലെ പിഴവുകാരണമാണ് ദേവികുളം എം.എല്‍.എയ്ക്ക് വീണ്ടും നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. രാജ തമിഴില്‍ നടത്തിയ ആദ്യ പ്രതിജ്ഞയില്‍ ദൃഢപ്രതിജ്ഞയെന്നോ സഗൗരവ പ്രതിജ്ഞയെന്നോ പറയാത്തതാണ് പിഴവായത്. നിയമവകുപ്പ് തയ്യാറാക്കിയ പരിഭാഷയില്‍ ഈ വാക്കുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആദ്യത്തെ പ്രതിജ്ഞ റദ്ദാക്കുകയായിരുന്നു.
ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെ ആയിരുന്നെങ്കില്‍ പിന്നീട് സ്പീക്കറായ എംബി രാജേഷിന് മുമ്പാകെ ആണ് രാജ രണ്ടാമത്തെ സത്യപ്രതിജ്ഞ ചൊല്ലിയത്.
രാജയ്‌ക്കെതിരെ അട്ടിമറി ശ്രമം;രാജേന്ദ്രന്‍ പുറത്ത്
സ്ഥാനാര്‍ഥി നിര്‍ണയത്തിലും സത്യപ്രതിജ്ഞയിലും തീരുന്നതായിരുന്നില്ല ദേവികളുത്തെ സിപിഎമ്മിന്റെ തലവേദന. മുന്‍ എംഎല്‍എയായ എസ്.രാജേന്ദ്രന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് സിപിഎം കണ്ടെത്തുന്നു.
എസ്. രാജേന്ദ്രനെ സി.പി.എമ്മിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. തിരഞ്ഞെടുപ്പില്‍ എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കണ്ടെത്തിയാണ് നടപടി. രാജേന്ദ്രനെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു നടപടി.
സംവരണത്തില്‍ അയോഗ്യന്‍
തിരഞ്ഞെടുപ്പില്‍ അട്ടിമറി ശ്രമം നടത്തിയതിന് പുറത്താക്കിയ എസ്.രാജേന്ദ്രന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് കൊണ്ടിരിക്കെയാണ് അടുത്ത തലവേദനയായി ദേവികുളത്തെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ.രാജ യോഗ്യനല്ലെന്ന യുഡിഎഫ് വാദം അംഗീകരിച്ചാണ് ഹൈക്കോടതി വിധി. ഭരണവിരുദ്ധ വികാരം ശമിപ്പിക്കുന്നതിനും ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുള്ള ഒരുക്കങ്ങളുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നതിനിടെയാണ് ഇത്തരമൊരു പ്രതിസന്ധി വന്നുപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ ആറു മാസത്തിനകം ദേവികുളം ഒരു ഉപതിരഞ്ഞെടുപ്പിലേക്ക് പോകും. പട്ടികജാതി-വര്‍ഗ സംവരണ സീറ്റ് സിപിഎം അട്ടിമറിച്ചുവെന്ന ആരോപണം ഇതിനോടകം കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു. ഒപ്പം എസ്.രജേന്ദ്രന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും, ഈ സാഹചര്യങ്ങളെല്ലാം മറികടന്ന് വേണം സിപിഎമ്മിന് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍.
Content Highlights: Candidate announced with suspense, sworn in twice; finally disqualified-a raja-devikulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..