കൊച്ചി: മാതൃഭൂമി ന്യൂസ് വാര്‍ത്ത തുണയായി. കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സയ്ക്കായി ഒന്നര വയസുകാരി അന്‍വിതയ്ക്ക് ഹൈദരാബാദിലേക്ക് പോകാം. സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിനെയും മാതാപിതാക്കളെയും ആംബുലന്‍സില്‍ ഹൈദരാബാദില്‍ എത്തിക്കും. യാത്രയുടെ ചിലവ് സര്‍ക്കാര്‍ വഹിക്കും.
മാതാപിതാക്കളായ വിനീതിന്റെയും ഗോപികയുടെയും അഭ്യര്‍ഥനയും കുഞ്ഞ് അന്‍വിതയുടെ പുഞ്ചിരിയും സര്‍ക്കാര്‍ കണ്ടു. കണ്ണിനെ ബാധിച്ച കാന്‍സറിനെ കീമോയിലൂടെ തോല്‍പിക്കാന്‍ ഒന്നരവയസ്സുകാരി അന്‍വിത ഞായറാഴ്ച ഹൈദരാബാദിലേക്ക് തിരിക്കും. യാത്രാച്ചിലവ് സര്‍ക്കാര്‍ വഹിക്കും.
ലോക്ക്ഡൗണ്‍ മൂലം അന്‍വിതയുടെ യാത്ര പ്രതിസന്ധിയിലായ വാര്‍ത്ത മാതൃഭൂമി ന്യൂസ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രി വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി. പല സംസ്ഥാനങ്ങള്‍ കടന്നുപോകേണ്ടതിനാല്‍ ചീഫ് സെക്രട്ടറി ഇടപെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീലിന്റെ മേല്‍നോട്ടത്തില്‍ കുഞ്ഞിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചു.
അന്‍വിതയെയും മാതാപിതാക്കളെയും എല്‍.വി. പ്രസാദില്‍ എത്തിക്കാനുള്ള എല്ലാവിധ നടപടിക്രമങ്ങളും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സാമൂഹിക സുരക്ഷാമിഷന്റെ നേതൃത്വത്തില്‍ നടത്തുന്നതാണ്- മാതൃഭൂമി ന്യൂസ് പ്രൈം ടൈമില്‍ മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.
കെ.എല്‍.32.എന്‍ 9364 എന്ന നമ്പറിലുള്ള ആംബുലന്‍സ് രാവിലെ എട്ടുമണിക്ക് ഹൈദരാബാദിലേക്ക് പുറപ്പെടും. വഴിയില്‍ യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
content highlights: cancer patient anvitha and parents will go to hyderabad for treatment, mathrubhumi news impact