ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്ന് വന്നത്. സില്‍വര്‍ ലെയിന്‍ പദ്ധതിക്കായി 33,700 കോടി രൂപ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന് മാത്രമായി സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അറിയിച്ചു. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താനും ധാരണയായി. പദ്ധതിക്ക് അന്തിമ അനുമതി തേടിയാണ് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. അന്തിമ അനുമതി തേടി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് വായ്പാ ബാധ്യത സംബന്ധിച്ച ചര്‍ച്ചയും ഉയര്‍ന്നുവന്നത്.

image
കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ | facebook.com/PinarayiVijayan

പദ്ധതി നടത്തിപ്പിന്റെ പ്രായോഗികത സംബന്ധിച്ചും ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വാദങ്ങള്‍ ഉയര്‍ന്നു. കേരളത്തില്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് നിലനില്‍ക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കുമ്പോഴും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയും പരിസ്ഥിതിക്ക് കോട്ടവും സംഭവിക്കുമെന്നതാണ് പദ്ധതിയെ എതിര്‍ത്ത് പ്രതിപക്ഷം ഉന്നയിക്കുന്ന വാദങ്ങള്‍. പരിസ്ഥിതി ആഘാത പഠനം നടന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: can`t take the financial responsibility of k rail project says railway