'എന്നെ ബലിമൃഗമാക്കി, അവഗണന അസഹനീയം'- മുല്ലപ്പള്ളി രാമചന്ദ്രന്‍ |അഭിമുഖം


By എം.പി. സൂര്യദാസ്

4 min read
Read later
Print
Share

മുല്ലപ്പള്ളി രാമചന്ദ്രൻ | Photo: Mathrubhumi

മുല്ലപ്പള്ളി രാമചന്ദ്രന്‍, മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച പ്രത്യേക അഭിമുഖം

കോഴിക്കോട്: 'ഹൃദയവേദനയോടെയാണ് ഒടുവില്‍ എ.ഐ.സി.സി.യുടെ പ്ലീനറി സമ്മേളനത്തിന് പോവേണ്ടെന്ന് തീരുമാനിച്ചത്. സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണന. എ.ഐ.സി.സി അംഗം ആവുന്നതിനുംമുന്‍പ് 1969 മുതല്‍ എ.ഐ.സി.സി. സമ്മേളനങ്ങളില്‍ മുടങ്ങാതെ പങ്കെടുത്ത ആളാണ് ഞാന്‍. രണ്ടുവര്‍ഷം മുന്‍പ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ഉത്തരവാദപ്പെട്ടവര്‍ ആരും ബന്ധപ്പെടുകയോ, അഭിപ്രായം തേടുകയോ ചെയ്യാറില്ല. ഇത്തരമൊരു പ്രയാസകരമായ ചുറ്റുപാടില്‍ സമ്മേളനത്തിന് പോവുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നിയതുകൊണ്ട് സ്വയം മാറിനില്‍ക്കാന്‍ തീരുമാനിച്ചു'. സംഘടനാപരമായ വിഷയം നിര്‍വ്വാഹമില്ലാതെ തുറന്നുപറയേണ്ടിവന്നപ്പോള്‍ കേന്ദ്രമന്ത്രി, എ.ഐ.സി.സി. സെക്രട്ടറി, കെ.പി.സി.സി. പ്രസിഡന്റ് തുടങ്ങിയ നിലകളിലായി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ച മുതിര്‍ന്നനേതാവായ മുല്ലപ്പള്ളിയുടെ ശബ്ദം ഇടറി, കണ്ണുകള്‍ നിറഞ്ഞു.

ഉത്തരവാദപ്പെട്ടവര്‍ ആരും ബന്ധപ്പെടുന്നില്ല എന്ന് പറഞ്ഞല്ലോ. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണോ താങ്കളെ ഒറ്റപ്പെടുത്തുന്നത്?

കെ.സുധാകരന്‍ പ്രസിഡന്റായ ശേഷം ഇന്നുവരെ ഒരു കാര്യത്തിനും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഒരു വിഷയവും കൂടിയാലോചിക്കാറില്ല. അദ്ദേഹത്തിന് തൊട്ടുമുന്‍പ് പ്രസിഡന്റായിരുന്ന ആളാണ് ഞാന്‍ എന്ന് ഓര്‍ക്കണം. ഒരിക്കല്‍ കെ.പി.സി.സി ഓഫീസിലെ സെക്രട്ടറി ഫോണില്‍ വിളിച്ച് പറഞ്ഞു. ഇന്ന ദിവസം വൈകുന്നേരം അഞ്ചിനും 5.15 നും ഇടയില്‍ പ്രസിഡന്റിനെ കാണാന്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന്. അപ്പോയിന്റ്മെന്റ് എടുത്ത് പോയി കാണേണ്ട ആളാണോ ഞാന്‍. പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന് തുല്യമല്ലേ ഇത്തരം സമീപനം.

ഏതുകാര്യത്തിലാണ് താങ്കളുടെ അഭിപ്രായം തേടാതെ സുധാകരന്‍ പ്രവര്‍ത്തിച്ചത്?

അദ്ദേഹം ഒരുകാര്യത്തിലും അഭിപ്രായം തേടുകയോ വിവരങ്ങള്‍ അറിയിക്കുകയോ ചെയ്യാറില്ല. പതിറ്റാണ്ടുകളായി ഞാന്‍ കെ.പി.സി.സി. അംഗമായത് അഴിയൂരില്‍നിന്നാണ്. ഇപ്പോള്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് എന്നനിലയില്‍ ആജീവനാന്തം കെ.പി.സി.സി. അംഗമായി ഉള്‍പ്പെടുത്തും. എങ്കിലും ഞാന്‍ കെ.പി.സി.സി. അംഗമായ അഴിയൂരില്‍നിന്ന് എന്റെ ഒഴിവില്‍ മറ്റൊരാളെ വെക്കുമ്പോള്‍ സാമാന്യമര്യാദയുടെ പേരില്‍ എന്റെ അഭിപ്രായം തേടേണ്ടതല്ലേ. അതുണ്ടായില്ല. കെ.പി.സി.സി, മണ്ഡലം, ബ്ലോക്ക്, ഡി.സി.സി. തലത്തില്‍ പുനഃസംഘടനകള്‍ നടക്കുന്നതെല്ലാം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിയുന്നത്. എന്റെ സ്വന്തം ജില്ലയില്‍ ഭാരവാഹികളെ നിയമിക്കുന്നതും നീക്കുന്നതും ഒന്നും അറിയിക്കാറില്ല. ഇത്രയും അവഗണന നേരിട്ട മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വേറേ ഉണ്ടാവില്ല. കോഴിക്കോട്ട് വലിയ ആഘോഷമാക്കി ചിന്തന്‍ശിബിരം നടത്തി. എന്നോട് ഒരുവാക്കുപോലും ആരും പറഞ്ഞില്ല. രണ്ട് ദിവസും വടകരയില്‍ ഉണ്ടായിട്ടും സമ്മേളനത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കേണ്ടിവന്നു.

രണ്ട് ദിവസം മുന്‍പ് ഫോണില്‍ സംസാരിച്ചപ്പോള്‍ താങ്കള്‍ റായ്പുരിലേക്ക് പോവുന്നുണ്ട് എന്നാണല്ലോ പറഞ്ഞത്. പിന്നെ അവസാനനിമിഷം എന്താണ് മനംമാറ്റത്തിന് കാരണം?

ശരിയാണ്. രണ്ടുദിവസം മുന്‍പ് വിളിച്ചപ്പോള്‍ ഞാന്‍ പോകും എന്നാണല്ലോ പറഞ്ഞത്. വിമാനടിക്കറ്റ് വരെ എടുത്തതാണ്. എപ്പോഴാണ് വരികയെന്നോ വരുമല്ലോയെന്നോ അന്വേഷിച്ച് ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ആരും വിളിച്ചില്ല. എന്നെ വേണ്ടെങ്കില്‍ പിന്നെ എന്തിനാണ് പ്രയാസപ്പെട്ട് പോവുന്നതെന്ന് മനസില്‍ തോന്നി. ഉത്തരവാദപ്പെട്ട ഒരു കോണ്‍ഗ്രസുകാരന്‍ എന്നനിലയില്‍ സമ്മേളനത്തില്‍ പോവാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. പക്ഷേ ആ സാഹചര്യം ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ്.

എ.ഐ.സി.സി. സമ്മേളനം സംബന്ധിച്ച് ഡല്‍ഹിയില്‍നിന്ന് ആരും വിളിച്ചിരുന്നില്ലേ?

പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രമേയ ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് എം. വീരപ്പമൊയ്ലി വിളിച്ചിരുന്നു. അദ്ദേഹമാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. പ്രമേയത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിശദമായ കുറിപ്പ് മൊയ്ലിക്ക് അയച്ചുകൊടുത്തു. അതല്ലാതെ മറ്റാരും വിളിച്ചില്ല, സംസാരിച്ചില്ല. ബി.ജെ.പിയെ നേരിടാന്‍ സി.പി.എം. ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളും മറ്റ് മതേതരപാര്‍ട്ടികളുമായി യോജിക്കണമെന്നാണ് രാഷ്ട്രീയപ്രമേയ കരടില്‍ ഞാന്‍ നിര്‍ദ്ദേശിച്ചത്.

എ.ഐ.സി.സി.യുടെ പ്രധാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ കെ.സി.വേണുഗോപാല്‍ ആണല്ലോ. അദ്ദേഹം സംസാരിച്ചിരുന്നോ?

കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും കാര്യങ്ങളൊക്കെ നന്നായി അറിയാം. എങ്കിലും ആരും എന്നെ സഹകരിപ്പിക്കാന്‍ മുന്‍കൈയെടുത്തില്ല. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ആകെ ഒരു തവണ മാത്രമാണ് ഞാന്‍ കെ.പി.സി.സി. ഓഫീസില്‍ പോയത്. മല്ലികാര്‍ജ്ജുന ഖാര്‍ഗേക്ക് വോട്ട് ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. ഞാന്‍ നേരിടുന്ന പ്രയാസം അവര്‍ക്കൊക്കെ അറിയാമെങ്കിലും ആരും ഒന്നും അറിയാത്ത പോലെ മാറിനിന്നു.

പ്രയാസം അവര്‍ക്കെല്ലാം അറിയാം എന്ന് പറഞ്ഞല്ലോ. എന്തായിരുന്നു അത്?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പരാജയപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കും ഒരു ബലിമൃഗത്തെ വേണമായിരുന്നു. മാന്യമായി ഒഴിഞ്ഞുപോവാന്‍ പോലും അവസരം നല്‍കാതെ എന്നെ മാറ്റി. കെ.സി. വേണുഗോപാല്‍ അറിയാതെ ഇതൊന്നും നടക്കില്ല എന്നത് ഉറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ലോക്‌സഭാ തിരഞെടുപ്പില്‍ 20-ല്‍ 19 സീറ്റ് നേടിയതും ഞാന്‍ പ്രസിഡന്റായ ഘട്ടത്തിലാണ്. അന്ന് ആരും നല്ലവാക്ക് പറഞ്ഞില്ല. നിയമസഭാതിരഞെടുപ്പില്‍ തോറ്റപ്പോള്‍ കുറ്റം മുഴുവന്‍ എന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. തിരഞെടുപ്പിന് തൊട്ടുമുന്‍പ് രൂപീകരിച്ച സ്റ്റിയറിങ്ങ് കമ്മിറ്റിയുടെ അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെയാണ് വെച്ചത്. രമേശും വി.ഡി. സതീശനും, ശശിതരൂരും എല്ലാം ഉള്‍പ്പെട്ട ആ സമിതിയില്‍ ഏഴാമനോ എട്ടാമനോ മാത്രമായാണ് കെ.പി.സി.സി. പ്രസിഡന്റിനെ വെച്ചത്. പ്രസിഡന്റിനെ ഇത്രയും അപമാനിക്കേണ്ടതുണ്ടോ. സത്യത്തില്‍ അന്ന് രാജിവെച്ചൊഴിയേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ ചുമതലയൊഴിഞ്ഞാല്‍ എന്നെ ഞാനാക്കിയ കോണ്‍ഗ്രസ് പ്രസ്ഥാനവും പ്രവര്‍ത്തകരും മാപ്പ് തരില്ല. അതുകൊണ്ട് എല്ലാം സഹിച്ച് തുടര്‍ന്നു. ഇനിയും ഇത് സഹിക്കാന്‍ കഴിയില്ല. ആത്മാഭിമാനം വെടിയാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്രയും പറയേണ്ടിവന്നത്.

സമാനമായ അവഗണന വേറേ ആരെങ്കിലും നേരിടുന്നുണ്ടോ?

മുതിര്‍ന്ന നേതാക്കള്‍ പലരും കാര്യങ്ങളൊന്നും അറിയുന്നില്ല. വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം സുധാകരനും സതീശനും ചേര്‍ന്ന് കോക്കസായാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കേരളത്തിലെ ഏറ്റവും സീനിയറായ കെ.പി. ഉണ്ണികൃഷ്ണനെ എ.ഐ.സി.സിയില്‍നിന്ന് ഒഴിവാക്കുമ്പോള്‍ അദ്ദേഹത്തെ അറിയിക്കാനുള്ള മാന്യത പോലും കാണിച്ചില്ല. 1960 മുതല്‍ എ.ഐ.സി.സി. അംഗമാണ് അദ്ദേഹം. അനാരോഗ്യം കാരണം അദ്ദേഹം സ്വയം ഒഴിയാന്‍ സന്നദ്ധനാവും. ഒഴിവാക്കുന്നുണ്ട് എന്ന് വിളിച്ചറിയിക്കാനുള്ള സാമാന്യമര്യാദ പോലും കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല.

ഇനിയും എന്തെങ്കിലും ചുമതലകള്‍ പാര്‍ട്ടി നല്‍കിയാല്‍ ഏറ്റെടുക്കുമോ?

എനിക്ക് ഒരുപാട് അവസരങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു, മന്‍മോഹന്‍ സിങ്, രാഹുല്‍ഗാന്ധി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. രാജീവ് ഗാന്ധിയുടെ കൂടെ വര്‍ഷങ്ങളോളം എ.ഐ.സി.സി. സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അതില്‍ സംതൃപ്തനാണ്. പക്ഷേ കേരളത്തിലെ ചിലര്‍ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തുന്നത് വേദനാജനകമാണ്.

വര്‍ക്കിങ് കമ്മിറ്റിയില്‍ താങ്കളെ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നല്ലോ?

എനിക്ക് അത്തരം ആഗ്രഹങ്ങളൊന്നുമില്ല. അതുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും റായ്പുരില്‍ പോവുമായിരുന്നല്ലോ. മാന്യമായ പരിഗണന വേണം. അതുമാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലീഡര്‍ കരുണാകരനുമായി ഇടയേണ്ടിവന്നപ്പോഴും പാര്‍ട്ടി ചട്ടക്കൂടിനും
അച്ചടക്കത്തിനും പുറത്തേക്ക് പോയിരുന്നില്ല. അതുകൊണ്ട് കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുന്ന ഒരു സമീപനവും എന്റെ ഭാഗത്തുനിന്നുണ്ടാവില്ല.

Content Highlights: can not bear this negligence anymore says mullappally ramachandran

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arikomban

1 min

അരിക്കൊമ്പന്‍ ഇനി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍; പൂര്‍ണ ആരോഗ്യവാനെന്ന് അധികൃതര്‍

Jun 5, 2023


k surendran and b gopalakrishnan

1 min

കേരളത്തിലെ ഹിന്ദുക്കൾക്ക് രാഷ്ട്രീയബോധം കുറവ്, അതുകൊണ്ടാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്- ഗോപാലകൃഷ്ണൻ

Jun 3, 2023


padayappa

1 min

മൂന്നാറില്‍ പടയപ്പയെ കാണാതായിട്ട് 20 ദിവസം

Jun 5, 2023

Most Commented