പ്രതീകാത്മകചിത്രം
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല അധ്യാപകരോട് ജാതി വിവേചനം കാണിക്കുന്നുന്നെന്ന് പട്ടികജാതി-പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മിഷന്‍. ഡോ. ദിവ്യ എന്ന അധ്യാപിക പട്ടികജാതിയില്‍ ഉള്‍പ്പെട്ട വനിതയായതുകൊണ്ട് സിന്‍ഡിക്കേറ്റിലെ ചില അംഗങ്ങള്‍ അവര്‍ക്ക് ലഭിക്കേണ്ട വകുപ്പ് മേധാവി പദവി വിലക്കിയത് വിവേചനപരമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ജാതി വിവേചനം കാണിക്കില്ലെന്നും സംരക്ഷിക്കുമെന്നും ഉന്നത വിദ്യാഭ്യാസ സമിതികളില്‍ അംഗങ്ങളാകുന്നവര്‍ പ്രതിജ്ഞ ചെയ്യണമെന്ന ശുപാര്‍ശ സര്‍വകലാശാല ചാന്‍സലര്‍ പരിഗണിക്കണമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ബി. എസ്. മാവോജി നിര്‍ദ്ദേശിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ നിര്‍ത്തലാക്കി, അത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെ ങ്കിലും അതിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വ്യക്തികള്‍ ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖലയുടെ അധികാരങ്ങള്‍ കയ്യാളുന്നത് വേദനാജനകമാണ്. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രതിനിധി ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഈ വിഭാഗത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതിനാല്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വിസി നടപടി സ്വീകരിക്കണം.
കേരളത്തിന്റെ നവോത്ഥാന മനസ്സിന് അനുയോജ്യരല്ലാത്ത വ്യക്തികള്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അധികാരസ്ഥാനങ്ങളില്‍ അവരോധിക്കപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും കമ്മിഷൻ പറഞ്ഞു. പഠന വകുപ്പിലെ സീനിയര്‍ ആയ അധ്യാപികയ്ക്ക് വകുപ്പ് മേധാവി സ്ഥാനം ലഭിക്കാന്‍ വ്യക്തമായ നിയമവ്യവസ്ഥകള്‍ ഉള്ളപ്പോള്‍ പട്ടിക ജാതി വിഭാഗത്തില്‍പെട്ട ഡോ. ദിവ്യയ്ക്ക് വകുപ്പ് മേധാവി നിയമനം നല്‍കുന്നതിന് പകരം അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത് യുക്തിരാഹിത്യവും നിയമനിഷേധവും സാമാന്യനീതിയുടെ നിഷേധവുമാണെന്നും കമ്മിഷൻ വ്യക്തമാക്കി.
എസ്.സി.എസ്.ടി. കമ്മിഷന്‍ തെളിവെടുപ്പിനെ തുടര്‍ന്ന്, സിന്‍ഡിക്കേറ്റ് തീരുമാനം അവഗണിച്ച് വിസി ഏകപക്ഷീയമായി ഡോ. ദിവ്യയ്ക്ക് വകുപ്പ് മേധാവിയായി നിയമനം നല്‍കി ഉത്തരവ് ഇറക്കിയ നടപടി കഴിഞ്ഞദിവസം കൂടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഒച്ചപ്പാടിന് വഴിവെച്ചിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കി ഡോ.ദിവ്യയെ വകുപ്പ് മേധാവിയായി നിയമിച്ച വിസി യുടെ നടപടിയെ യോഗത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിശിതമായി വിമര്‍ശിച്ചു.
സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ പരാതിക്കാരന്റെയും സര്‍വകലാശാല രജിസ്ട്രാറുടെയും വിശദീകരണങ്ങളും സര്‍വകലാശാല രേഖകളും നേരിട്ട് പരിശോധിച്ച ശേഷമാണ് കമ്മിഷന്റെ ഉത്തരവ്.
Content Highlights: Calicut University discriminates SCST teachers says Commission
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..