തിരുവനന്തപുരം : കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്ക് ബദലായി ഐപിസി നിയമപ്രകാരമാണ് സിബിഐ കുറ്റപത്രം നല്‍കിയിരിക്കുന്നത്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സിബിഐയുടെ കുറ്റപത്രം.

500 കോടിരൂപയുടെ അഴിമതി കേസില്‍ മൂന്ന് പ്രതികളെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനാണ് ഇപ്പോള്‍ സിബിഐ തടയിട്ടിരിക്കുന്നത്. പിസി ആക്ട്(PREVENTION OF CORRUPTION ACT) പ്രകാരമാണ് സര്‍ക്കാരിന്റെ അനുമതി പ്രോസിക്യൂഷന് വേണ്ടത്.  എന്നാല്‍ ഐപിസി പ്രകാരം അത്തരം ഒരനുമതിയുടെ ആവശ്യമില്ല. ആ സാധ്യതയാണ് സിബിഐ ഉപയോഗപ്പെടുത്തിയത്. 

വഞ്ചന ഡൂഢാലോചന എന്നീ രണ്ട് കുറ്റങ്ങള്‍ ചുമത്തിയാണ് മൂന്ന് പേര്‍ക്കെതിരേ സിബിഐ കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കശുവണ്ടി കോര്‍പ്പറേഷന്‍ എംഡിയായിരുന്ന കെ എ രതീഷ് , ചെയര്‍മാനും ഐൻടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന ആര്‍ ചന്ദ്രശേഖരന്‍, കരാറുകാരന്‍ ജയ്‌മോഹന്‍ ജോസഫ് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത്‌ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റു ആര്‍ ചന്ദ്രശേഖരന്‍ ചെയർമാനായിരിക്കെ ഐഎൻടിയുസിക്കാർ തന്നെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി കഥ പുറത്ത് വരുന്നതെന്ന് നിലവിലെ കശുവണ്ടി കോർപ്പറേഷൻ ചെയർമാൻ ജയമോഹൻ പറഞ്ഞു.

അഴിമതിക്കാരെ സംരക്ഷിച്ചു എന്നതിനല്ല പകരം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് അഴിമതി നടന്നതെന്നതിനാണ് നമ്മൾ ഊന്നൽ നൽകേണ്ടത്. വിവിധ ഏജൻസികളുടെ അന്വേഷണത്തിൽ വിവിധ റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. അല്ലാതെ ഇടതുപക്ഷ സർക്കാർ അവരെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കേസിൽപ്പെട്ട ചന്ദ്രശേഖരൻ മാറാത്തത് ഐഎൻടിയുസിക്കും കോൺഗ്രസ്സിനും വലിയ ബാധ്യതയാണെന്ന് ഐഎൻടിയുസി നേതാവ് ഷരീഫ് മരക്കാർ ആരോപിച്ചു.

content highlights: Cahew Corporation scam, CBI submits chargesheet