പ്രതീകാത്മക ചിത്രം | Reuters
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 70 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 1,44,947 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ ആകെ ബാധ്യതയെങ്കില്‍ 2018-19 വര്‍ഷമായപ്പോഴേക്കും അത് 2,41,615 കോടിയായി ഉയര്‍ന്നു. സഞ്ചിത നിധിയിലെ ബാധ്യതകളും പൊതു കണക്കിലെ ബാധ്യതകളും ഉള്‍പ്പെട്ടതാണ് സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത.
സഞ്ചിത നിധിയിലെ ബാധ്യത 1,58,235 കോടിയാണ്. ഇതില്‍ വിപണി വായ്പ 1,29,719 കോടി രൂപയാണ്. കേന്ദ്രത്തില്‍ നിന്നുള്ള കടം 7,243 കോടിയും, മറ്റ് വായ്പകളുടെ കണക്കില്‍ 21,273 കോടിയുമാണ്. മറ്റ് ബാധ്യതകളില്‍ പൊതുകണക്കിലെ ബാധ്യതയെന്നത് 83,380 കോടിയാണ്. ലഘുനിക്ഷേപങ്ങള്‍, പിഎഫ്, പലിശയുള്ള വായ്പകള്‍, പലിശരഹിത ബാധ്യതകള്‍ എന്നിവയാണ് പൊതുകണക്കില്‍ ഉള്‍പ്പെടുന്നത്.
അതേസമയം ദുരന്ത നിവാരണത്താനായി തയ്യാറാക്കിയിട്ടുള്ള സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ മിച്ചമായി കിട്ടിയ തുക കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഫണ്ടിന്റെ പരിപാലനത്തിനായി നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
2019 മാര്‍ച്ച് 31-ന് ദുരന്ത നിവാരണ നടപടികളുടെ ചിലവുകള്‍ കഴിഞ്ഞ് 1,113.98 കോടി മിച്ചമുണ്ടായിരുന്നു. ഇങ്ങനെ മിച്ചം വരുന്ന തുക സര്‍ക്കാരിന്റെ സെക്യൂരിറ്റികള്‍, ട്രഷറി ബില്ലുകള്‍, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ പലിശ ലഭിക്കുന്ന നിക്ഷേപങ്ങള്‍ എന്നിവയില്‍ നിക്ഷേപിക്കണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വേളയിലും എസ്ഡിആര്‍എഫ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി കേന്ദ്രനിര്‍ദേശപ്രകാരം നിക്ഷേപം നടത്തിയിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: cag report says kerala economic liability increased in last five years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..