തിരുവനന്തപുരം: അസാധാരണ സാഹചര്യമാണ് സിഎജിയുടെ  റിപ്പോര്‍ട്ട് സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്.  കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണിത്. അസാധാരണ നടപടികളും ഇനി വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയെടുക്കുന്ന മുഴുവന്‍ വായ്പകളും ഭരണഘടനാ വിരുദ്ധമാണെന്നാണ് എജി പറയുന്നത്. ഇതംഗീകരിക്കാനാകില്ല. കേരള നിയമസഭ പാസാക്കിയതാണ് കിഫ്ബി നിയമം. ഇതിനെതിരായി പൊതുജനാഭിപ്രായം ഉണരണം. എന്റെ പേരിലുള്ള അവകാശലംഘനമൊക്കെ ചെറുത്. അതിനേക്കാള്‍ വലിയ തിരിച്ചടിയാണ് കേരളത്തിന്റെ വികസനത്തിന് വരാന്‍ പോകുന്നത്. എനിക്കെതിരായ അവകാശ ലംഘന നോട്ടീസിന് ഞാന്‍ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2018-19 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞുള്ളതല്ല. സര്‍ക്കാരിന് ലഭ്യമാക്കിയിട്ടുള്ള കരട് റിപ്പോര്‍ട്ടില്‍ കിഫ്ബിയെ കുറിച്ച് രണ്ടേ രണ്ട് പാരഗ്രാഫേ ഉള്ളൂ. കിഫ്ബിയുടെ വായ്പയെടുക്കല്‍ ഭരണഘടന വിരുദ്ധമെന്ന് അതിലില്ലായിരുന്നു. 

കരട് റിപ്പോര്‍ട്ടും എക്‌സിറ്റ് മീറ്റിംഗും കഴിഞ്ഞ അന്തിമ റിപ്പോര്‍ട്ടില്‍ കിഫ്ബിയുടെ വായ്പ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിരിക്കുകയാണ്. അതുവരെ ഒരു ഘട്ടത്തിലും എവിടെയും ഇക്കാര്യം പറഞ്ഞിട്ടില്ല. ഇത് ദുരപദിഷ്ടമാണ്.

നിഗമനങ്ങള്‍ ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കാന്‍ ഭരണഘടന അധികാരവും അവകാശവും നല്‍കുന്നില്ല. സര്‍ക്കാരുമായി ചര്‍ച്ചപോലും ചെയ്യാത്ത കാര്യങ്ങള്‍ എഴുതി തയ്യാറാക്കിയിട്ട് അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ച് നിയമസഭാ അംഗങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറയുന്നത് ശരിയല്ല. ഇത് സഭയുടെ അവകാശ ലംഘനമാണ്.

നാല് പേജുള്ള കിഫ്ബിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒരു ഘട്ടത്തിലും സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിട്ടില്ല. സിഎജി ഒരു ഘട്ടത്തിലും ഇക്കാര്യം അറിയിച്ചിട്ടുമില്ല. എജി സര്‍ക്കാരിനെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.

മാധ്യമങ്ങള്‍ക്ക് സ്ഥിരമായി എജി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു. ഭരണഘടനാ സ്ഥാപനത്തില്‍ ഇത് ഭൂഷണമല്ല. 11-ലെ വാര്‍ത്താകുറിപ്പ് 16-ന് പുറത്തുവന്നതില്‍ അസ്വാഭാവികതയെന്നും ധനമന്ത്രി വ്യക്തമാക്കി.

നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് തുറക്കാന്‍ പാടില്ലെന്ന് എവിടെയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിനുള്ള അവകാശം സര്‍ക്കാരിനുണ്ട്. പോസ്റ്റുമാന്റെ പണിയല്ല ധനമന്ത്രിയുടേത്. ചട്ടലംഘനമാണ് ഇതെന്ന് പറയുന്നതില്‍ ഒരടിസ്ഥാനവുമില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: CAG report created an extraordinary situation in the state; Isaac