ബുള്ളറ്റ് പ്രൂഫ് വാഹനം: ബെഹ്‌റക്കെതിരെ സി.എ.ജി. റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശം


ആര്‍. ശ്രീജിത്ത് \ മാതൃഭൂമി ന്യൂസ്

നിയന്ത്രിത ടെണ്ടര്‍ പോകുമ്പോള്‍ അതില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ല എന്നാണ് സിഎജി ചൂണ്ടിക്കാണിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലേക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സി.എ.ജി. റിപ്പോര്‍ട്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബെഹ്‌റ ലംഘിച്ചതായി കണ്ടെത്തി. 33 ലക്ഷം രൂപ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ബെഹ്‌റ നല്‍കിയതായി സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു.

ധനമന്ത്രി ടി.എം. തോമസ് ഐസക് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിലാണ് സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഗുരുതരമായ പരമാര്‍ശങ്ങള്‍ ഉള്ളത്. 2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി. സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്. 2017 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതി നല്‍കി.

ബന്ധപ്പെട്ട സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പുകളും ഒപ്പം തന്നെ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങള്‍ വാങ്ങാന്‍ എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ എന്ന വ്യവസ്ഥ പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല അദ്ദേഹം ഒരു ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. തൊട്ടുപിന്നാലെ മിസ്തുബുഷി വാഹന കമ്പനിയില്‍ നിന്ന് 55.02 ലക്ഷം രൂപ വിലയുള്ള രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം എന്ന രീതിയില്‍ വാങ്ങുന്നതിനായി സപ്ലൈ ഓര്‍ഡര്‍ നല്‍കി. സപ്ലൈ ഓര്‍ഡര്‍ കൊടുത്ത ദിവസം തന്നെ വാങ്ങുന്നതിന് നിയമ സാധുത ലഭിക്കുന്നതിന് വേണ്ടി സര്‍ക്കാരിന് കത്തുമയച്ചു.

സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങാന്‍ തീരുമാനിക്കുകയും ആ തീരുമാനത്തിന് ബന്ധപ്പെട്ട കമ്പനിക്ക് സപ്ലൈ ഓര്‍ഡര്‍ കൊടുക്കുകയും അതേദിവസം തന്നെ അനുമതി ലഭിക്കാന്‍ വേണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കുകയും ചെയ്തു. ഈ രണ്ടു തീരുമാനങ്ങളും എടുക്കുന്നത് ഒരേ ദിവസം തന്നെയാണ്. മാത്രമല്ല അന്നേ ദിവസം തന്നെ വാങ്ങല്‍ കരാറിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതിന് മുമ്പ് മിസ്തുബുഷി വാഹനകമ്പനിയുടെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ അതായത് കാര്‍ വിലയുടെ 30 ശതമാനം തുക മുന്‍കൂര്‍ നല്കി.

2018 ല്‍ ഇക്കാര്യത്തിന് സാധുതയില്ല എന്ന കാര്യം സര്‍ക്കാര്‍ പോലീസിനെ അറിയിച്ചു. ബാക്കി 77 ലക്ഷം രൂപ 2018 ജൂലൈ വരെയുള്ള വിവരമനുസരിച്ച് ഇതുവരെയും കാര്‍ കമ്പനിക്ക് കൊടുത്തതായി സി.എ.ജിക്ക് അറിയാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ ആക്ഷേപമാണ് ബെഹറക്ക് നേരെ ഉണ്ടായിരിക്കുന്നത്. ഓപ്പണ്‍ ടെണ്ടര്‍ പോയില്ല എന്നത് തന്നെ ഗുരുതരമായ തെറ്റാണ്. എന്നാല്‍ നിയന്ത്രിത ടെണ്ടര്‍ പോകുമ്പോള്‍ അതില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ല എന്നാണ് സിഎജി ചൂണ്ടിക്കാണിക്കുന്നത്.

സി.എ.ജി റിപ്പോര്‍ട്ടുകള്‍ കേരളീയ രാഷ്ട്രീയത്തില്‍ എന്നും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുളളതാണ്. സി.എ.ജി. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍ക്കാരിന് നിയമ നടപടികള്‍ സ്വീകരിക്കാം. ഇങ്ങനെ വന്നാല്‍ അഴിമതി വിരുദ്ധ വകുപ്പിലെ പ്രധാനപ്പെട്ട കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ട് ബെഹ്‌റക്കെതിരെ കേസെടുക്കുന്ന സാഹചര്യം വരെ ഉണ്ടാകും.

Content Highlights: CAG report against DPG Loknath Behra

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023

Most Commented