മന്ത്രിസഭാ പുനഃസംഘടന ഉറപ്പായി; പ്രതിച്ഛായ നന്നാക്കാന്‍ പുതുമുഖങ്ങളോ, പഴയ മുഖമോ


മുഖ്യമന്ത്രി പിണറായി വിജയൻ,കെ.കെ.ശൈലജ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ സര്‍ക്കാരിലും അഴിച്ചുപണി ഉറപ്പായി. നിലവില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിട്ടുള്ള ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഒഴിയും. മന്ത്രിസഭയില്‍ എം.വി.ഗോവിന്ദന്റെ വിടവ് മാത്രം നികത്തിയാല്‍ മതിയോ സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടന വേണമോ എന്നതാകും ഇനി സിപിഎമ്മിന്റെ മുന്നിലുള്ള ചര്‍ച്ചാ വിഷയം. പുനഃസംഘടനയൊക്കെ വരും ചര്‍ച്ചകളിലാകും ഉണ്ടാകുകയെന്ന് സെക്രട്ടറി ആയതിന് പിന്നാലെ എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. കാത്തിരിക്കൂവെന്നാണ് ഇ.പി.ജയരാജന്‍ മറുപടി നല്‍കിയത്.

എം.വി.ഗോവിന്ദന്‍ രാജിവെക്കുന്നതോടെ രണ്ട് ഒഴിവുകളാകും മന്ത്രിസഭയിലുണ്ടാകുക. വിവാദപരാമര്‍ശത്തില്‍ സജി ചെറിയാന്‍ രാജിവെച്ച ഒഴിവ് നിലവില്‍ മന്ത്രിസഭയിലുണ്ട്. സജി ചെറിയാന്റെ വകുപ്പുകള്‍ നിലവില്‍ മറ്റു മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കുകയാണ് ചെയ്തിട്ടുള്ളത്. പുനഃസംഘടനയില്‍ ഈ വിടവ് നികത്താമെന്നായിരുന്നു അന്ന് പാര്‍ട്ടിയെടുത്ത തീരുമാനം.

മന്ത്രിസഭാ പുനഃസംഘടന വരികയാണെങ്കില്‍ പുതുമുഖങ്ങളാകുമോ അതോ ഒന്നാം പിണറായി സര്‍ക്കാരിലെ ജനകീയ മുഖങ്ങളെ തിരികെ കൊണ്ടുവരുമോ എന്നതാണ് ശ്രദ്ധേയം. മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഈ മാസം ആദ്യം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തിയാണ്, തുടര്‍ഭരണത്തെയും ജനങ്ങള്‍ അളക്കുന്നത്. അതനുസരിച്ച് ഈ സര്‍ക്കാര്‍ ഏറെ പിന്നിലാണെന്ന് മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ശേഷം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായത്.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിച്ഛായ നന്നാക്കുക എന്ന ലക്ഷ്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ ജനകീയ മുഖമായിരുന്ന കെ.കെ.ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുമോ എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ തുടര്‍ ഭരണം ലഭിച്ചപ്പോള്‍ ഒന്നാം ഒന്നാം പിണറായി സര്‍ക്കാരിലെ ആരും തുടരേണ്ടതില്ലെന്ന തീരുമാനം സിപിഎം എടുത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് അന്ന് ഇളവ് നല്‍കിയത്. ഈ തീരുമാനം തിരുത്തുമോ എന്നത് കണ്ടറിയേണ്ടി വരും. എന്തായാലും ഇക്കാര്യത്തില്‍ അവസാന വാക്ക് മുഖ്യമന്ത്രിയുടേത് തന്നെയാകും. കെ.കെ.ശൈലജയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ ആരോഗ്യ വകുപ്പ് തന്നെ അവര്‍ക്ക് ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ ശൈലജയ്ക്ക് മാത്രം ഇളവ് എന്നത് മാറ്റി എ.സി മൊയ്തീനെയും പരിഗണിച്ചേക്കാം.

അതേ സമയം തീരുമാനത്തില്‍ മാറ്റംവരുത്തിയില്ലെങ്കില്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ പുതുമുഖങ്ങള്‍ വരും. എന്നാല്‍ പരിചയ സമ്പത്തിന്റെ അഭാവം നിലവില്‍ തന്നെ സര്‍ക്കാരിനെ ബാധിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി ഇതിനോടകം വിലയിരുത്തിയതാണ്. പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് പാര്‍ട്ടി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് ഇത്തവണ ചര്‍ച്ച ചെയ്തത്. മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്' രണ്ടാഴ്ച മുമ്പ് നടന്ന സിപിഎം നേതൃ യോഗങ്ങള്‍ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്.

നിലവിലെ മന്ത്രിസഭയില്‍ ആരേയും ഒഴിവാക്കാതെ വകുപ്പുകള്‍ മാറ്റുന്നതാണ് മറ്റൊരു ചര്‍ച്ച. അങ്ങനെയെങ്കില്‍ മന്ത്രി വീണ ജോര്‍ജിനെ പേര് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ട്. എം.ബി രാജേഷ് മന്ത്രിയാകും. എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തുവന്ന തദ്ദേശ സ്വയംഭരണം വി ശിവന്‍കുട്ടിക്കോ കെ രാധാകൃഷ്ണനോ നല്‍കിയേക്കാം. എക്‌സൈസ് വകുപ്പില്‍ മറ്റൊരു മന്ത്രിവരും. ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങള്‍ വരട്ടെ എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ സി.എച്ച് കുഞ്ഞമ്പു, പി നന്ദകുമാര്‍, പി പി ചിത്തരഞ്ജന്‍,എ.എന്‍.ഷംസീര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും സാധ്യത തെളിയും.

Content Highlights: Cabinet reshuffle kerala-New faces or old faces to repair the image


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented