തിരുവനന്തപുരം: യോഗം ചേരാന്‍ ആവശ്യമായ മന്ത്രിമാര്‍ എത്താത്തിനെ തുടര്‍ന്ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നില്ല. ആറുമന്ത്രിമാര്‍ മാത്രമാണ് മുഖ്യമന്ത്രി വിളിച്ച പ്രത്യേക മന്ത്രിസഭായോഗത്തിനെത്തിയത്. 13 മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല. ഇതേതുടര്‍ന്നാണ് കോറം തികയാത്ത കാരണത്താല്‍ യോഗം ചേരാതെ പിരിഞ്ഞത്. 

ഇതേതുടര്‍ന്ന് കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. അതേസമയം മന്ത്രിസഭായോഗം കോറം തികയാത്തതിനെ തുടര്‍ന്ന് ചേരാനാകാതെ പോയതില്‍ അസ്വഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ചേര്‍ന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. ക്യാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്തിച്ചേരാത്തതിനാല്‍ തീരുമാനം  എടുക്കാന്‍ കഴിയാത്ത പതനത്തിലെത്തിയ  മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

ഇത് പോലൊരു ഗതികേട് കേരളത്തിന് ഇതിന് മുന്‍പുണ്ടായിട്ടില്ല.  സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ് മന്ത്രിമാര്‍ക്ക് താല്‍പര്യം. മന്ത്രിമാര്‍ എത്താത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെ പോയത് ദയനീയമാണ്. ആഴ്ചയില്‍  തുടക്കത്തില്‍ പറഞ്ഞത്. പക്ഷേ ഇപ്പോള്‍ ക്യാബിനറ്റ് യോഗം വിളിച്ചാല്‍ പോലും മന്ത്രിമാരെത്താത്ത അവസ്ഥയാണ്. സംസ്ഥാനം ഭരിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് മന്ത്രിമാര്‍ തെളിയിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.