സുപ്രീം കോടതി | ചിത്രം: മാതൃഭൂമി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ പൗരന്മാരുടെ നിലവിലുള്ള നിയമപരമോ, ജനാധിപത്യപരമോ, മതേതരമോ ആയ അവകാശങ്ങളെ ഹനിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനാണ് നിയമം കൊണ്ടുവന്നത് എന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു. നിയമ ഭേദഗതിക്ക് എതിരായ ഹര്‍ജികള്‍ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മത പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് പൗരത്വ നിയമം ഭേദഗതി ചെയ്തത്. ഇന്ത്യയുടെ ശ്രദ്ധയില്‍ പതിറ്റാണ്ടുകളായുള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനാണിത്. ഒരു തരത്തിലും ഇത് രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ട്ണ്ട്.
നിയമം വിവേചനപരമല്ല. വിവിധ രാജ്യങ്ങളില്‍ മത പീഡനം അനുഭവിക്കുന്ന മുസ്ലിങ്ങളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അയല്‍ രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണെന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ വിഭജനം തന്നെ മതാടിസ്ഥാനത്തില്‍ ആയിരുന്നു. പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണെന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. ഭരണഘടനയുടെ 14-ാം അനുച്ഛേദം തുല്യത ഉറപ്പാക്കുന്നുണ്ടെങ്കിലും എല്ലാ നിയമങ്ങളിലും അത് ബാധകമല്ല. ചില നിയമങ്ങളില്‍ ഗണം തിരിക്കാനുള്ള അധികാരം ഉണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത്. മുസ്ലിം ലീഗ് ഉള്‍പ്പടെ ഫയല്‍ ചെയ്ത ഇരുന്നൂറിലധികം റിട്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.
Content Highlights: CAA Supreme Court Central Government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..