തിരുവനന്തപുരം: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും പരിക്കേറ്റ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മുഖ്യമന്ത്രി മേയറെ സന്ദര്‍ശിച്ചത്. ഇന്നലെയാണ് കൗണ്‍സില്‍ യോഗത്തിനിടെ ബി ജെ പി- സി പി എം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.

ഡോക്ടര്‍മാരോട് അന്വേഷിച്ചതില്‍നിന്നും മേയറുടെ അവസ്ഥ അതീവഗുരുതരമാണെന്ന് അറിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ക്കു നേരെയുണ്ടായത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

സന്ദര്‍ശക ഗാലറിയില്‍ കയറിക്കൂടിയ ആളുകള്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. ഒരു മേയറുടെ നേര്‍ക്ക് ഇത്തരത്തില്‍ ഒരു ആക്രമണം കോര്‍പറേഷന്‍ ഓഫീസില്‍ വച്ചു നടത്താന്‍ എന്തു ന്യായീകരണമാണുള്ളത് അദ്ദേഹം ആരാഞ്ഞു.

ആക്രമണത്തിന് നേതൃത്വം കൊടുത്തത് ആര്‍ എസ് എസാണ്. ആര്‍ എസ് എസ് പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളുകളാണ് പ്രതിഷേധത്തിന് ആദ്യമെത്തിയത്. ഇവര്‍ക്കൊപ്പം ബി ജെ പി കൗണ്‍സിലര്‍മാരും ചേരുകയായിരുന്നു. കാലിനും കഴുത്തിനും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലുമാണ് മേയര്‍ക്ക് പരിക്കേറ്റത്.

ആക്രമണത്തില്‍ മേയറിന്റെ കഴുത്തിന് പിന്‍ഭാഗത്ത് പരിക്കേറ്റിട്ടുണ്ട്. അത് അല്‍പം കൂടി കടന്നിരുന്നെങ്കില്‍ ചലനശേഷി നഷ്ടപ്പെടുമായിരുന്നു. മുഖ്യന്ത്രി പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ബി ജെ പി- സി പി എം അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

content highlights: pinarayi vijayan , thiruvananthapuram mayor v k prasanth, thiruvananthapuram corparation counsil meeting