തുടരാന്‍ ചിലര്‍ക്ക് ആക്രാന്തം, പ്രായപരിധി ഗൂഢസംഘത്തിന്റെ തീരുമാനം-കാനത്തിനെതിരേ ദിവാകരന്‍ 


ആര്‍. ശ്രീജിത്ത് | മാതൃഭൂമി ന്യൂസ് 

സി. ദിവാകരൻ, കാനം രാജേന്ദ്രൻ | Photo: Mathrubhumi

തിരുവനന്തപുരം: സി.പി.ഐ. സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് തുടരാന്‍ ശ്രമിക്കുന്ന കാനം രാജേന്ദ്രനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍. സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധി എന്നത് ഏതോ ഗൂഢസംഘത്തിന്റെ തീരുമാനം ആണെന്നും സി.പി.ഐയില്‍ പ്രായപരിധി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

പാര്‍ട്ടി സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെ ഒരു ആക്രാന്തം ചില ആളുകള്‍ക്ക്- ആയേ പറ്റൂ, മാറില്ല, സാധ്യതയുണ്ട് തനിക്ക് വിജയസാധ്യതയുണ്ട് എന്നൊക്കെ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. കമ്യൂസിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെ ഒരു ചിന്തയും അങ്ങനെയൊരു വര്‍ത്തമാനവും അനുവദിക്കാന്‍ പാടുള്ളതല്ല. പാര്‍ട്ടി സമ്മേളനം അല്ലേ തീരുമാനിക്കേണ്ടത്. ഇവിടെ പാര്‍ട്ടി തീരുമാനം ഇല്ല എന്നതാണ് പ്രശ്‌നം. 75 വയസ്സായ ആളുകള്‍ ഒന്നും പാടില്ല എന്നു തീരുമാനിക്കാനുള്ള അവകാശം നിലവില്‍ ആര്‍ക്കുമില്ല. 75 വയസ്സിനു ശേഷം ആരെയും ഉപരിഘടകങ്ങളില്‍ എടുക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി ഭരണഘടനയില്‍ ഇല്ല. ഇനി അങ്ങനെ വേണമെങ്കില്‍, ദേശീയ കൗണ്‍സില്‍ അങ്ങനെ നിര്‍ദേശം വെച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്ത് മര്യാദയ്ക്കു വേണം അത് നടപ്പിലാക്കാന്‍. അല്ലാതെ ഏതാനും ആളുകളുടെ ഒരു ഗൂഢസംഘം എന്തെങ്കിലും തീരുമാനിച്ച് നടപ്പിലാക്കാന്‍ പറ്റില്ല. അതാണ് കേരളത്തിലെ സഖാക്കള്‍ക്കുള്ള എതിര്‍പ്പ്. ചില ആളുകളെ ഒഴിവാക്കാനുള്ള ഒരു കുറുക്കുവഴിയായാണ് ഇത് കാണുന്നതെന്നാണ് തനിക്ക് തോന്നുന്നത്. അതിന്റെ ആവശ്യം ഇല്ല- സി. ദിവാകരന്‍ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.സി.പി.ഐയ്ക്കുള്ളില്‍ മുന്‍പെങ്ങുമില്ലാത്ത അന്തരീക്ഷമാണ് രൂപം കൊണ്ടിട്ടുള്ളത്. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഇത്രയും വലിയൊരു ചേരിതിരിവ് പാര്‍ട്ടിയ്ക്കകത്ത് ഉണ്ടാകുന്നത് ഇതാദ്യമാണ്. കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം സമ്മേളനത്തില്‍ ചേരിപ്പോര് ഉണ്ടായിരുന്നെങ്കിലും അതൊന്നും ഇത്രയ്ക്ക് വലുതായിരുന്നില്ല. എന്നാല്‍ ഇത്തവണ അധികാരം പിടിക്കാനുള്ള രൂക്ഷമായ പോരാട്ടത്തിലാണ് ഇരുവിഭാഗവും. അതിനാലാണ്, പ്രായപരിധി മാനദണ്ഡം നടപ്പിലാക്കിയാല്‍ പാര്‍ട്ടി കമ്മിറ്റിക്ക് പുറത്തുപോകുന്ന സി. ദിവാകരനും കെ.ഇ. ഇസ്മായിലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാനം രാജേന്ദ്രനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

സ്ഥാനത്ത് തുടരാന്‍ ആക്രാന്തം എന്നുള്ള ദിവാകരന്റെ പ്രയോഗം കാനത്തിനെതിരേയുള്ള കൃത്യമായ നിലപാടാണ്. കാരണം മൂന്നാമതും സെക്രട്ടറിയാകാന്‍ പാര്‍ട്ടി ഭരണഘടന അനുവദിക്കുന്നുണ്ട്. താന്‍ തുടരും എന്ന തരത്തില്‍ കാനം വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ സൂചനകളാണ് എതിര്‍പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതിനെതിരേയുള്ള രൂക്ഷ പ്രതികരണമാണ് ദിവാകരനും ഇസ്മായിലും നല്‍കിയിരിക്കുന്നത്.

അതേസമയം, മൂന്നാം വട്ടവും സെക്രട്ടറിയാകുമോ എന്ന മാതൃഭൂമി ന്യൂസിന്റെ ചോദ്യത്തോട് കാനം രാജേന്ദ്രന്‍ നല്‍കിയ മറുപടി ഇങ്ങനെ: സംസ്ഥാന സെക്രട്ടറിമാര്‍ക്ക് മൂന്ന് ടേം അനുവദിച്ചിട്ടുണ്ട്. സെക്രട്ടറി ആകണോ വേണ്ടയോ എന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനം തീരുമാനിക്കും. ജനാധിപത്യമല്ലേ, അപ്പോള്‍ എന്തു തിരഞ്ഞെടുപ്പ് വന്നാലും സ്വാഭാവികമായും അത് നേരിടും അദ്ദേഹം പറഞ്ഞു. 75 വയസ്സല്ല, ആരോഗ്യമാണ് നോക്കേണ്ടത് എന്ന വിധത്തില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്- പറഞ്ഞയാളുകള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്കറിയില്ലല്ലോ എന്നായിരുന്നു കാനത്തിന്റെ മറുപടി. പക്ഷേ അതൊക്കെ വളരെ ബാലിശമായ വാദഗതികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി മന്ത്രിമാരില്‍ ചിലര്‍ ആനന്ദലഹരിയില്‍ ആറാടുന്നു എന്ന കെ.ഇ. ഇസ്മായിലിന്റെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി: മന്ത്രിമാര്‍ ആനന്ദലഹരിയില്‍ ആറാടുന്നു എന്നു പറയുമ്പോള്‍ അദ്ദേഹവും മന്ത്രിയായിരുന്ന ആളാണ് -എന്നായിരുന്നു. അഞ്ചുവര്‍ഷം കേരളത്തിന്റെ റവന്യൂ മന്ത്രി ആയിരുന്ന ആളാണ്. അദ്ദേഹത്തോടു തന്നെ ചോദിക്കൂ, എന്താണ് ഉദ്ദേശിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിലവില്‍ കാനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും എന്നിങ്ങനെ രണ്ടുപക്ഷമാണ് സി.പി.ഐയില്‍ ഉള്ളത്. നേരത്തെ ഇസ്മായില്‍ പക്ഷമായും ദിവാകരന്‍ പക്ഷവുമായൊക്കെ നിന്നിരുന്നവര്‍ ഇപ്പോള്‍ കാനം വിരുദ്ധപക്ഷത്ത് ഒത്തുചേര്‍ന്നിരിക്കുകയാണ്. കാനത്തിനെ സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റണം എന്ന പൊതുവികാരമാണ് ഇവര്‍ക്ക്. ഈ നീക്കത്തിനു മുന്നില്‍ കാനത്തിന് അടിപതറുമോ ഇല്ലയോ എന്നത് സംസ്ഥാന സമ്മേളനത്തിലേ അറിയാനാകൂ. അതേസമയം 563 സമ്മേളന പ്രതിനിധികളില്‍, വോട്ടവകാശമുള്ളവര്‍ക്കിടയില്‍ തങ്ങള്‍ക്ക് വലിയ ആധിപത്യം ഉണ്ടെന്നാണ് കാനംപക്ഷം അവകാശപ്പെടുന്നത്.

Content Highlights: c divakaran against kanam rajendran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented