.jpg?$p=5d3173d&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം
തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ സവാള വാങ്ങി സംഭരിക്കാവുന്ന സുവര്‍ണാവസരം കേരളം പാഴാക്കുന്നു. മഹാരാഷ്ട്രയില്‍ വിളവെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ സ്വകാര്യ ഏജന്‍സികളും മറ്റു സംസ്ഥാനങ്ങളും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുകയാണിപ്പോള്‍. കിലോയ്ക്ക് നാലുരൂപ മുതല്‍ വിളവെടുപ്പ് സ്ഥലങ്ങളില്‍ കിട്ടുന്ന സവാള സര്‍ക്കാര്‍ വാങ്ങിസൂക്ഷിച്ചാല്‍ ഓണത്തിന് 10 രൂപയില്‍ താഴെ വിതരണം ചെയ്യാനാകും. വേനല്‍ക്കാല സവാളയ്ക്ക് ജലാംശം കുറവായതിനാല്‍ ചീഞ്ഞുപോകില്ല. കേന്ദ്രപദ്ധതി ഉപയോഗപ്പെടുത്തി സവാള സംഭരിക്കുമെന്ന് രണ്ടുകൊല്ലംമുമ്പ് അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പറച്ചിലല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.
ഉത്പാദനകേന്ദ്രത്തില്‍നിന്ന് സവാള വാങ്ങുമ്പോള്‍ സംഭരണച്ചെലവിന്റെയും കടത്തുകൂലിയുടെയും പകുതി സബ്സിഡിയായി നല്‍കുന്നതാണ് കേന്ദ്ര ഉപഭോക്തൃമന്ത്രാലയത്തിന്റെ 'ടോപ്പ്'പദ്ധതി. ടൊമാറ്റോ-ഒനിയന്‍-പൊട്ടറ്റോ എന്നതിന്റെ ചുരുക്കപ്പേരാണിത്.
മഹാരാഷ്ട്രയിലെ നാസിക്, അഹമ്മദ്നഗര്‍, പുണെ, പിമ്പല്‍ഗാവ്, ലാസല്‍ഗാവ്, ശ്രീരാംപുര്‍, കോലാപ്പുര്‍, ഷോലാപ്പുര്‍, ബിജാപ്പുര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ വന്‍തോതില്‍ സവാള വിളവെടുപ്പ് നടക്കുന്നത്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ഉത്പാദനമുണ്ടെങ്കിലും പ്രിയം മഹാരാഷ്ട്രയിലെ വേനല്‍ക്കാല സവാളയ്ക്കാണ്.
കിലോയ്ക്ക് നാലുമുതല്‍ 10 വരെ രൂപയാണ് മഹാരാഷ്ട്രയിലെ ഉത്പാദനകേന്ദ്രങ്ങളിലെ വില. ഗുണനിലവാരത്തിന് അനുസരിച്ചാണ് വില. ഇക്കൊല്ലം ഉത്പാദനം ഗണ്യമായി കൂടിയിട്ടുമുണ്ട്. വാങ്ങുന്ന സ്ഥലത്തുതന്നെ ലഭ്യമായ ഗോഡൗണുകളില്‍ സൂക്ഷിച്ചശേഷം ആവശ്യം വരുമ്പോള്‍ കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ മതിയാകും.
കേന്ദ്ര ഏജന്‍സിയായ നാഫെഡ് വരുന്ന ദീപാവലിക്ക് വിതരണം ചെയ്യാന്‍ ഇവിടങ്ങളില്‍നിന്ന് വന്‍തോതില്‍ സവാള വാങ്ങുന്നുണ്ട്.
കേരളത്തില്‍ സവാള ഉപഭോഗം കൂടുന്നു
: കോവിഡിനുശേഷം കേരളത്തില്‍ സവാളയുടെ ഉപഭോഗം കൂടിയിട്ടുണ്ട്. രണ്ടുകൊല്ലംമുമ്പ് ആറുലക്ഷം ടണ്ണായിരുന്നത് ഇപ്പോള്‍ എട്ടുലക്ഷത്തിലേക്ക് എത്തിയിട്ടുണ്ട്. ചെറിയ ഉള്ളിക്കു പകരം സവാള വാങ്ങുന്ന ശീലം കേരളത്തില്‍ കൂടിവരുന്നതായി വ്യാപാരികള്‍ പറയുന്നു. ചൈനീസ്, അറേബ്യന്‍ ഭക്ഷണത്തിന്റെ പ്രചാരം കൂടിയത് സവാളയുടെ ഡിമാന്‍ഡും കൂട്ടി. അതിഥിതൊഴിലാളികളുടെ വരവും കേരളത്തില്‍ സവാളയുടെ ഉപഭോഗം കൂട്ടുന്നതിന്റെ ഘടകമായിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..