മുജി തോമസും ഭാര്യ ബൈസിയും സ്ഥലത്ത് സ്ഥാപിച്ച പരസ്യത്തിന് മുമ്പിൽ
ഭാഗ്യം കൂട്ടിനുണ്ടെങ്കിൽ 68 സെന്റ് റബ്ബർ തോട്ടം വെറും ആയിരം രൂപക്ക് സ്വന്തമാക്കാം. വിശ്വാസം വരുന്നില്ല അല്ലേ? സംഭവം സത്യമാണ്. തൃശ്ശൂരിലെ പുതുക്കാട് കല്ലൂർ നായരങ്ങാടി തുയമ്പാലിൽ മുജി തോമസും ഭാര്യ ബൈസിയുമാണ് തങ്ങളുടെ 68 സെന്റ് റബ്ബർ തോട്ടം ഭാഗ്യ പരീക്ഷണത്തിലൂടെ നൽകാൻ ഒരുങ്ങുന്നത്. കോവിഡും പ്രളയവും ചേർന്ന് വരിഞ്ഞു മുറുക്കിയ ജനങ്ങൾക്ക് മുമ്പിൽ പുതിയ വഴി കൂടിയാണ് ഇവർ തുറന്നു നൽകുന്നത്.
ബാധ്യതകള്‍ വർധിച്ചു വരികയും മകന്റെ പഠന ചെലവിനുള്ള തുക കണ്ടെത്താനാകാതെ വന്നതോടെ മുജി തോമസും ബൈസിയും തങ്ങളുടെ സ്ഥലം വിൽപ്പനക്ക് വെക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ വില നൽകി ആരും എടുക്കാൻ തയ്യാറായില്ല. തുടർപഠനത്തിനായി മകന് കാനഡയിലേക്കുള്ള പോകാനുള്ള തീയതി അടുത്തടുത്ത് വന്നതോടെ എന്ത് ചെയ്യണമെന്ന ആശങ്ക വർധിക്കുകയായിരുന്നു. പിന്നീട് ആലോചിച്ചപ്പോൾ ഇത്തരത്തിൽ ഒരു ഐഡിയ മനസ്സിൽ തോന്നുകയും ഭർത്താവുമായി ചർച്ച ചെയ്യുകയുമായിരുന്നുവെന്ന് ബൈസി പറയുന്നു. അഭിഭാഷകനുമായി സംസാരിച്ച് നിയമവശങ്ങളെക്കുറിച്ച് മനസ്സിലാക്കി കാര്യങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു.
വിദേശത്ത് നിന്ന് ഓൺലൈൻ വഴി ടിക്കറ്റ് വാങ്ങിക്കുന്നവരാണ് ഏറെയും. സംഭവം വൈറലായതോടെ നാട്ടിലുള്ളവരും, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരും ടിക്കറ്റ് വാങ്ങിക്കുന്നുണ്ട്. ഇതൊരു ബിസിനസ് ആയിട്ടല്ല എടുത്തത്. ഇങ്ങനെയാണെങ്കിൽ ഇനിയും അടിച്ചാൽ ടിക്കറ്റ് പോകും. എന്നാൽ അങ്ങനെ ചെയ്യുന്നില്ല. ഇതൊരു ജീവിത മാർഗത്തിന് വേണ്ടിയാണ് ചെയ്യുന്നത്. കൊവിഡ് കാരണം എല്ലാവരും ബുദ്ധിമുട്ടിലാണ്. റിയൽ എസ്റ്റേറ്റ് മേഖല അടക്കം പ്രതിസന്ധിയിലാണ്. പലർക്കും ഭൂമി ഉണ്ടായിട്ടും വിൽക്കാൻ സാധിക്കുന്നില്ല. അത്തരത്തിലുള്ളവർക്കും ഈ ഐഡിയ പ്രചോദനമാകും. ഭൂമിയില്ലാത്തവർക്ക് ഭൂമി കിട്ടുകയും ഉള്ളവർ തന്നെ വീണ്ടും വീണ്ടും ഭൂമി വാങ്ങിക്കൂട്ടുന്നതിന് അറുതി വരികയും ചെയ്യും. ഇത്രയും വൈറലാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. വൈറലായതോടു കൂടി കോളുകളും കൂപ്പണിന് വേണ്ടിയുള്ള അന്വേഷണവും നിരന്തരം എത്തുന്നുണ്ടെന്ന് ബൈസി പറഞ്ഞു.
.jpeg?$p=1b9e154&&q=0.8)
ഇനി ആരാണ് ആ ഭാഗ്യശാലി എന്നാണ് ആളുകൾക്ക് അറിയേണ്ടത്. ഓഗസ്റ്റ് 15ന് വെകുന്നേരം 5 മണിക്കാണ് നറുക്കെടുപ്പ്. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള മരിയ ഗാർമെന്റ്സിൽ വെച്ചാണ് നിലവിൽ നറുക്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ആൾക്കൂട്ടം ഉണ്ടാവുകയാണെങ്കിൽ ഓഡിറ്റോറിയത്തിലേക്കോ മറ്റോ മാറ്റാനുള്ള തീരുമാനങ്ങളുമുണ്ട്.
ആയിരം രൂപക്ക് 68 സെന്റ് സ്വന്തമാക്കാൻ ആളുകൾ മത്സരിച്ച് കൂപ്പണുകൾ സ്വന്തമാക്കുകയാണ്. ഇതിനായി ആയിരം രൂപയുടെ 3000 കൂപ്പണുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ മുഴുവൻ പണവും നൽകി സ്ഥലം ഏറ്റെടുക്കാമെന്നറിയിച്ച് വിളികൾ എത്തുന്നുണ്ടെങ്കിലും ഭാഗ്യശാലിയെ കണ്ടെത്താൻ തന്നെയാണ് ഇവരുടെ തീരുമാനം.. ഭൂമി ഇല്ലാത്തവർക്കും ഭാഗ്യം പരീക്ഷിക്കാനുള്ള അവസരമുണ്ട്.
Content Highlights: Buy a coupon worth 1000 get 68 cents land by lucky draw
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..