അനിൽ കുമാർ, പ്രതീകാത്മകചിത്രം(Photo: AFP)
കാക്കനാട്: ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് വീട്ടിലിരുത്തിയ ഡ്രൈവര്‍ മദ്യലഹരിയില്‍ വീണ്ടും ബസ് ഓടിച്ചു. പോലീസ് കൈയോടെ പൊക്കി. കാക്കനാട്-ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന എം.എം.എസ്. ബസ് ഡ്രൈവര്‍ നേര്യമംഗലം ചെമ്പന്‍കുഴി കുന്നത്തുവീട്ടില്‍ അനില്‍ കുമാര്‍ (34) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. രണ്ടാഴ്ച മുന്‍പ് പാലാരിവട്ടം ജങ്ഷനില്‍ വെച്ച് അനില്‍കുമാര്‍ ഓടിച്ച ബസ് ശരീരത്തിലൂടെ കയറി അനൂപ് എന്ന യുവാവ് മരിച്ചിരുന്നു. ഈ അപകടത്തിലാണ് അനിലിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തത്.
കൊച്ചിയില്‍ ബസ് അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കൊച്ചി സിറ്റി ഡി.സി.പി. എസ്. ശശിധരന്റെ നിര്‍ദേശപ്രകാരം ശനിയാഴ്ച പുലര്‍ച്ചെ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഡ്രൈവര്‍ പിടിയിലായത്. സര്‍വീസ് കഴിഞ്ഞ് തിരികെ കാക്കനാട് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ലൈസന്‍സില്ലാതെയാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായത്. ഇതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എറണാകുളം ആര്‍.ടി. ഓഫീസില്‍ നിന്ന് അനില്‍കുമാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത് സംബന്ധിച്ച രേഖകള്‍ ലഭിച്ച ശേഷം ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കുമെന്ന് തൃക്കാക്കര സി.ഐ. ആര്‍. ഷാബു പറഞ്ഞു.
സ്വകാര്യ ബസുകളിലെ ചില ഡ്രൈവര്‍മാര്‍ മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നുവെന്ന പരാതികളില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടപെടുകയും കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് വ്യാപക പരിശോധനയ്ക്ക് തുടക്കമിട്ടത്.
Content Highlights: bus driver arrested for drink and drive case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..