.jpg?$p=1ed062e&f=16x10&w=856&q=0.8)
ലയ
ചേര്‍പ്പ്: കരുവന്നൂര്‍ ചെറിയപാലത്തില്‍ ബസിടിച്ച് പിതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അംഗപരിമിതിയുള്ള മകള്‍ മരിച്ചു. പിതാവിന് നിസ്സാര പരിക്കേറ്റു. വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടില്‍ ഡേവിഡിന്റെ മകള്‍ ലയ (22) ആണ് മരിച്ചത്.
ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്സ് കോളേജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കോളേജിലെ സെന്റ് ഓഫ് പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് സംഭവം. പിന്നില്‍നിന്നു വന്ന 'കീറ്റിക്കല്‍' ബസ് ഇവരുടെ സ്കൂട്ടറില്‍ തട്ടി. ഡേവിഡ് ഇടതുവശത്തെ നടപ്പാതയിലേക്ക് വീണു. വലതുഭാഗത്ത് റോഡിലേക്ക് വീണ ലയയുടെ ശരീരത്തിലൂടെ ബസ് കയറി. രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിക്കാതെ ഡ്രൈവറും കണ്ടക്ടറും ക്ലീനറും സ്ഥലംവിട്ടു. നാട്ടുകാര്‍ ഇവരെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലയ മരിച്ചു.
ഡേവിഡ് പ്രഥമചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസെടുത്തതായി ചേര്‍പ്പ് പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് ജീവനക്കാര്‍ സ്ഥലംവിട്ടത് സംബന്ധിച്ച് അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു. ലയയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. അമ്മ: ലില്ലി. സഹോദരി: ലിഖിയ (ഓസ്ട്രേലിയ). സംസ്കാരം പിന്നീട്.
രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി സൂര്യകലയും ശുഭയും;നാട്ടുകാരും കൈകോര്‍ത്തു
ചേര്‍പ്പ്: കരുവന്നൂര്‍ ചെറിയപാലത്ത് അപകടത്തിനുശേഷം അതുവഴി വന്ന യാത്രക്കാരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. ചോരയില്‍ കുളിച്ചുകിടന്ന ലയ എന്ന വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആദ്യം തയ്യാറായത് ആശുപത്രിയിലുള്ള അമ്മയെ കാണാന്‍ പോകുകയായിരുന്ന കോമഡി സ്റ്റാര്‍ കലാകാരി സൂര്യകലയും പിന്നില്‍ കാറില്‍ എത്തിയ സംഗീത നാടക അക്കാദമി ജീവനക്കാരിയായ ശുഭയുമാണ്. കാര്‍ നിര്‍ത്തിയപ്പോള്‍ സംഘര്‍ഷമാണെന്നാണ് ആദ്യം കരുതിയത്. ബി.എസ്.എന്‍.എല്ലില്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവ് വാസുദേവനൊപ്പമായിരുന്നു ശുഭ.

അപകടം നടന്ന സ്ഥലത്ത് രക്തത്തില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ സൂര്യകലയും ശുഭയും കാറില്‍നിന്ന് ഇറങ്ങി. ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള സന്നദ്ധത സൂര്യകല അറിയിച്ചപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് ലയയെ കാറില്‍ കയറ്റി. കൂടെ ഒരാള്‍ വരണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ശുഭയാണ് കൂടെ കാറില്‍ കയറിയത്. വാസുദേവനും കാറില്‍ ഇവരെ പിന്തുടര്ന്നു.
ഊരകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വേണ്ടത്ര സൗകര്യം ഇല്ലാത്തതിനാല്‍ മടക്കി. ആംബുലന്‍സും ഉണ്ടായിരുന്നില്ല. അതിനാല്‍ കാറില്‍നിന്ന് ലയയെ പുറത്തിറക്കിയില്ല.
'പെണ്‍കുട്ടിയുടെ അവസ്ഥ കണ്ട് വിഷമവും ധൈര്യക്കുറവും ഉണ്ടായപ്പോള്‍ കാര്‍ എടുക്കാന്‍ പ്രയാസപ്പെട്ടു'. സൂര്യകല പറഞ്ഞു. ഇതേത്തുടര്‍ന്ന് വാസുദേവനാണ് കാറോടിച്ചത്. റോഡുപണി മൂലം ഗതാഗതക്കുരുക്കായിരുന്നു. അതുവഴി വന്ന മൂന്ന് ബൈക്ക് യാത്രക്കാര്‍ കാറിന് മുന്നില്‍ സഞ്ചരിച്ച് കുരുക്ക് ഒഴിവാക്കാന്‍ നല്ല പരിശ്രമം നടത്തി. കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ 20 മിനിറ്റുകൊണ്ട് എത്തി. എന്നിട്ടും ജീവന് രക്ഷിക്കാനായില്ല -വാസുദേവന്‍ പറഞ്ഞു.
തിരിച്ചറിയല്‍ കാര്‍ഡ് മുഖേന ലയ പഠിക്കുന്ന കോളേജ് തിരിച്ചറിഞ്ഞു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കോളേജ് അധികൃതര്‍ എത്തി. പിന്നാലെ നാട്ടുകാരും. ലയയുടെ പിതാവ് ഡേവിഡിനെ ഐ.സി.ഐ.സി.െഎ. ബാങ്കിലെ മാനേജര്‍ ആനന്ദ് എന്നയാളാണ് അദ്ദേഹത്തിന്റെ കാറില്‍ കൊണ്ടുവന്നത്- സൂര്യകല പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..