ഹയ ഫാത്തിമയുടെ ഷൂവും സഞ്ചരിച്ച സ്കൂട്ടറും മറിഞ്ഞ സ്കൂൾ ബസും |ഫോട്ടോ:കെ.ബി.സതീഷ് കുമാർ, മരിച്ച ഹയ ഫാത്തിമ
പുളിക്കൽ : സ്കൂളിൽനിന്ന് വല്യുപ്പയോടൊപ്പം ഇരുചക്രവാഹനത്തിൽ വീട്ടിലേക്കുമടങ്ങിയ വിദ്യാർഥിനി അതേ സ്കൂളിലെ ബസിനടിയിൽപ്പെട്ടു മരിച്ചു. ബസ് മറിഞ്ഞ് ആറു കുട്ടികൾക്കും മൂന്ന് സ്കൂൾ ജീവനക്കാർക്കും പരിക്കേറ്റു.
ആന്തിയൂർകുന്ന് നോവൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥിനി ഹയ ഫാത്തിമ(അഞ്ച്)യാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച, ഹയ ഫാത്തിമയുടെ ഉമ്മയുടെ പിതാവ് എം.കെ. ബഷീറിനെ (65) ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് 3.40-ഓടെ സ്കൂളിൽനിന്ന് 150 മീറ്റർ അകലെ ആന്തിയൂർകുന്ന് വെളുത്തോടിയിലെ ഇറക്കത്തിലായിരുന്നു അപകടം. വീതികുറഞ്ഞ റോഡിന്റെ ഇരുവശത്തും ചെങ്കല്ല് ഇറക്കിയിരുന്നു. വലതുവശത്തെ ചെങ്കൽ അട്ടി ഇടിച്ചുതെറിപ്പിച്ച ബസ് എതിർവശത്തെ വീടിന്റെ മതിൽ തകർത്ത് റോഡിൽ വിലങ്ങനെ മറിഞ്ഞു. ബസിനു തൊട്ടുപിന്നിലുണ്ടായിരുന്ന സ്കൂട്ടർ ബസ് മറിയുന്നതിനിടെ അടിയിൽപ്പെടുകയായിരുന്നു. ബസിന്റെ പിൻഭാഗത്ത് കുരുങ്ങിയ നിലയിലായിരുന്നു സ്കൂട്ടർ. ബസിൽ 30 കുട്ടികളും രണ്ടു സ്കൂൾ ജീവനക്കാരുമാണുണ്ടായിരുന്നത്.
ബസിനടിയിൽപ്പെട്ട ഹയയെയും ബഷീറിനെയും പരിസരവാസികൾ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പുളിക്കലിലെ ആശുപത്രിയിൽനിന്ന് കോഴിക്കോട് എത്തിയപ്പോഴേക്കും കുട്ടി മരിച്ചു. ഫറോക്ക് പേട്ടയിൽ അബ്ദുൾഗഫൂറിന്റെയും ഷഷ്നയുടെയും മകളാണ്.
ബസിലുണ്ടായിരുന്ന കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി ഉടൻതന്നെ പുളിക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അനീന (11), ദുർഗ (13), ഹംദാൻ (12), നെഹ്യാൻ (12), റാണ (12), അനയ് കൃഷ്ണ(ഏഴ്),സ്കൂൾ ജീവനക്കാരായ അനിത (50), വിൻസി (41),ഹൈഫ(30) എന്നിവരാണ് കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മറ്റുള്ളവർ പുളിക്കൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്കുമടങ്ങി.
അപകടത്തെത്തുടർന്ന് പോലീസും മോട്ടോർവാഹന വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബസ് മറിഞ്ഞത് ചെങ്കല്ലിൽക്കയറി; ബ്രേക്ക് ഉപയോഗിച്ചിട്ടില്ല
പുളിക്കൽ: ആന്തിയൂർകുന്നിൽ എൽ.കെ.ജി. വിദ്യാർഥിനി മരിച്ച അപകടത്തിൽ സ്കൂൾ ബസ് മറിഞ്ഞത് റോഡിൽ ചിതറിയ ചെങ്കല്ലുകളിൽ കയറി.
സ്കൂളിൽനിന്ന് കുത്തനെയുള്ള ഇറക്കമിറങ്ങി വരുകയായിരുന്നെങ്കിലും ബസ് അപകടസമയത്ത് ബ്രേക്കിട്ടതിന്റെ തെളിവൊന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർക്ക് പരിശോധനയിൽ ലഭിച്ചിട്ടില്ല. വീതികുറഞ്ഞ റോഡിന്റെ ഇരുവശത്തും ചെങ്കല്ല് ഇറക്കിെവച്ചിരുന്നു. വലത്തോട്ടു തിരിച്ച ബസ് അട്ടിയിട്ട ചെങ്കല്ലുകൾ തകർത്താണ് മുന്നോട്ട് പോയത്. റോഡിൽ ചിതറിത്തെറിച്ച ചെങ്കല്ലുകളിൽ ബസിന്റെ വലതുചക്രം കയറിയിട്ടുണ്ട്. ചക്രങ്ങൾ പൂർണമായും വലത്തോട്ട് തിരിഞ്ഞതോടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി. തുടർന്നാണ് ബസ് ഇടത്തോട്ടു മറിഞ്ഞത്. ചെങ്കല്ലുകൾ കയറി ബസിന്റെ സസ്പെൻഷൻ മെക്കാനിസം തകർന്നിട്ടുണ്ട്. അപകടസമയത്ത് ബസ് സെക്കൻഡ് ഗിയറിലായിരുന്നു. റോഡിന്റെ ഇരുവശത്തെയും മതിലുകൾ തകർത്താണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട സ്കൂട്ടറിന്റെ പിൻഭാഗത്ത് ബസ് തട്ടിയതിന്റെ ലക്ഷണമൊന്നുമില്ല.
അപകടം സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് അധികൃതർ വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. എം.വി.ഐ. എം.കെ. പ്രമോദ് കുമാർ സ്ഥലത്തെത്തി ബസും സ്കൂട്ടറും പരിശോധിച്ചു. കോഴിക്കോട്ടെയും മലപ്പുറത്തെയും മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ടീമും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടം സംബന്ധിച്ച് ഡ്രൈവറിൽനിന്ന് വിശദാംശങ്ങൾ തേടുമെന്ന് എം.വി.ഐ. എം.കെ. പ്രമോദ്കുമാർ പറഞ്ഞു. എ.എസ്.പി. ബി.വി. വിജയഭാരത് റെഡിയുടെ നേതൃത്വത്തിൽ പോലീസും വാഹനങ്ങൾ പരിശോധിച്ചു.
Content Highlights: bus accident-death lkg student
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..