കോയമ്പത്തൂര്‍: കളിത്തോക്കുകൊണ്ട് വെറുതേ സ്വന്തം ചെവിയിലേയ്ക്ക് ഒന്നു വെടിവെച്ചതാണ് ഏഴാം ക്ലാസുകാരന്‍ കിഷോർ. പക്ഷേ, കളി കാര്യമായി. ചെവിയില്‍ കയറിയ പ്ലാസ്റ്റിക്കുകൊണ്ടുള്ള വെടിയുണ്ട പുറത്തേക്കു വന്നില്ല. തല കുടഞ്ഞിട്ടും വിരലിട്ടിട്ടുമൊന്നും കാര്യമുണ്ടായില്ല. പിന്നെ വെടിയുണ്ട പുറത്തെടുക്കാനുള്ള മണിക്കൂറുകള്‍ നീണ്ട ശ്രമം.

തിങ്കളാഴ്ച ഉച്ചയ്ക്ക് രാമനാഥപുരം വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കലൈസെല്‍വിയാണ് മകനെക്കൊണ്ട് ആശുപത്രികള്‍ തോറും കയറി ഇറങ്ങിയത്. ഒടുവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടാംവര്‍ഷ ബിരുദാനന്തര വിദ്യാര്‍ത്ഥിനി (ഇ. എന്‍. ടി വിഭാഗം) ഡോ. നിത്യ രക്ഷകയായി എത്തി. നിത്യേന പതിനായിരത്തോളം രോഗികള്‍ എത്തുന്ന കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഭാഗമായ സി എം സി എച്ചില്‍ തിരക്കേറിയ സമയത്ത് ആയിരുന്നു കലൈ സെല്‍വി മകനെയും കൊണ്ട് ഓടിയെത്തിയത്.

രണ്ട് സ്വകാര്യ ആശുപത്രികളില്‍ കാണിച്ചെങ്കിലും ഓപ്പറേഷന് ശുപാര്‍ശ ചെയ്യുകയായിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. സഹികെട്ട് സെല്‍വി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോ. നിത്യക്ക് മുമ്പ് എത്തുമ്പോള്‍ സമയം ഉച്ച കഴിഞ്ഞു. സീനിയര്‍ ഡോക്ടര്‍മാരും മറ്റും നടത്തിയ പല പരിശോധനകള്‍ക്കു ശേഷം ഒടുവിലായി ചെവിയിലേക്ക് വെള്ളം സിറിഞ്ചു വഴി കയറ്റി നോക്കി.

ആദ്യമൊന്നും പ്രയോജനമുണ്ടായില്ലെങ്കിലും ഒടുവില്‍ വിജയിച്ചു. പ്ലാസ്റ്റിക് ഉണ്ട ആയതിനാല്‍  വെള്ളം ചീറ്റിയ ശക്തിയില്‍ പുറത്തേക്ക് തെറിച്ചു. അതുവരെ വേദനകൊണ്ട് പുളയുകയായിരുന്നു കിഷോര്‍. ചെവിയില്‍ നിന്ന് ഉണ്ട പുറത്തുവന്നതോടെ ആനന്ദക്കണ്ണീര്‍ പൊഴിച്ച് അമ്മയും മകനും ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. മറ്റുള്ള ഡോക്ടര്‍മാറുടെയും രോഗികളുടെയും പ്രശംസ ഏറ്റുവാങ്ങി ഡോ. നിത്യയും.