പ്രതീകാത്മകചിത്രം | Mathrubhumi archives
ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് തേടിയുള്ള അപേക്ഷകള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. മൂന്നംഗ ബെഞ്ച് രൂപവത്കരിക്കാന്‍ ജസ്റ്റിസുമാരായ ബി.ആര് ഗവായ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പുറത്തിറക്കിയത് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു. ആ ഉത്തരവില്‍ ഭേദഗതി കൊണ്ടുവരാന്‍ മൂന്നംഗ ബെഞ്ചിന് മാത്രമേ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതുതായി രൂപവത്കരിക്കുന്ന മൂന്നംഗ ബെഞ്ചിനും നേതൃത്വം നല്‍കുക ജസ്റ്റിസ് ബി.ആര് ഗവായ് ആയിരിക്കും. മറ്റുരണ്ട് അംഗങ്ങളെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിശ്ചയിക്കും.
സമ്പൂര്‍ണ്ണ ഇളവ് ഉണ്ടാകില്ല ; മുന്‍ ഉത്തരവിലെ ചില നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് ജസ്റ്റിസ് ഗവായ്
കരട് വിജ്ഞാപനം ഇറങ്ങിയ എല്ലാ സംരക്ഷിത മേഖലകള്‍ക്കും ഇളവ് അനുവദിക്കരുതെന്ന് അമിക്കസ് ക്യുറി കെ പരമേശ്വര്‍ ആവശ്യപ്പെട്ടു. ആദ്യം പത്ത് കിലോമീറ്റര്‍ ആയിരുന്നു ബഫര്‍ സോണ്‍. അത് പിന്നീട് കോടതി ഉത്തരവിലൂടെ അഞ്ച് കിലോമീറ്ററാക്കി. നിലവില്‍ അത് ഒരു കിലോമീറ്റര്‍ ആയി ചുരുക്കി. ചില മേഖലകള്‍ക്ക് ഇളവ് വേണമെന്ന ആവശ്യം ന്യായമാണ്. അതിനാല്‍ വിശദ പരിശോധനകള്‍ക്ക് ശേഷം കരട് വിജ്ഞാപനം ഇറങ്ങിയ ഈ മേഖലകള്‍ക്ക് ഇളവ് അനുവദിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ജൂണ്‍ മൂന്നിലെ ഉത്തരവിലെ ചില നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതിയും വാക്കാല്‍ നിരീക്ഷിച്ചു.
നിയന്ത്രിക്കാന്‍ നിശ്ചയിച്ചത് ഖനനം എന്ന് സുപ്രീം കോടതി
ബഫര്‍ സോണില്‍ പ്രധാനമായും നിയന്ത്രിക്കാന്‍ ഉദേശിച്ചത് ഖനനം ആണെന്ന് സുപ്രീം കോടതി. സ്ഥിരം നിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വിവിധ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവില്‍ എന്തെങ്കിലും ഭേദഗതി വരുത്തണമോ എന്ന കാര്യവും മൂന്ന് അംഗ ബെഞ്ച് പരിഗണിക്കും.
എന്ത് കൊണ്ട് ഈ വിഷയങ്ങള്‍ നേരത്തെ ശ്രദ്ധയില്‍ പെടുത്തിയില്ല? സുപ്രീം കോടതി
ബഫര്‍സോണ്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണത എന്തുകൊണ്ടാണ് നേരത്തെ തങ്ങളുടെ ശ്രദ്ധയില്‍ പെടുത്താത് എന്ന് സുപ്രീം കോടതി ആരാഞ്ഞു. ജൂണ്‍ മൂന്നിലെ ഉത്തരവിന് മുന്നോടിയായി നടന്ന വാദംകേള്‍ക്കലില്‍ ഇക്കാര്യം ആരും ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്നും ജസ്റ്റിസ് ബി.ആര് ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കോടതിയുടെ വിമര്‍ശനം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ശരിവച്ചു. രാജസ്ഥാനിലെ ഒരു സംരക്ഷിത മേഖലയുടെ കേസിലാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. രാജ്യവ്യാപകമായ കേസ് അല്ലാതിരുന്നതിനാല്‍ അന്ന് ഈ വിഷയങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നത് എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. രാജസ്ഥാന് കേസ് ആയതിനാല്‍ ആണ് തങ്ങള്‍ ശ്രദ്ധിക്കാത്തത് എന്ന് കേരള സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്തയും ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി ആണ് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ
രാജന് ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. വിവിധ ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് പി എന്‍ രവീന്ദ്രന്, അഭിഭാഷകരായ ഉഷ നന്ദിനി, വി കെ ബിജു, വില്‍സ് മാത്യൂസ്, ദീപക് പ്രകാശ് എന്നിവരും ഹാജരായി.
Content Highlights: buffer zone to be settled by three member bench in supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..