കൊച്ചി: ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടലെന്ന് രഹ്ന ഫാത്തിമ ആരോപിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു. 

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ഇവര്‍ക്കെതിരെ ബിഎസ്എന്‍എല്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 18 മാസത്തോളമായി ഇവര്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബി.എസ്.എൻ.എല്ലിൽ അസിസ്റ്റന്റ് എന്‍ജിനീയറാണ് രഹ്ന ഫാത്തിമ.

പിരിച്ചുവിടല്‍ ഉത്തരവ് ഇവര്‍ക്ക് കമ്പനി നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എലിന്റെ അന്തസിനെയും വരുമാനത്തെയും രഹന ഫാത്തിമയുടെ പ്രവൃത്തികള്‍ ബാധിച്ചു എന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, പിരിച്ചുവിടലിനു പിന്നിലെ കാരണം എന്തെന്ന് ബിഎസ്എന്‍എല്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

Content Highlights: BSNL dismisses activist Rahana Fatima