ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഭൂമിക്കടിയില്‍ തുരങ്കം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയില്‍ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണ്.

മൂന്ന് അടി വ്യാസവും 150 മീറ്റര്‍ നീളവുമുള്ള തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. 30 അടി താഴ്ചയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. അതിര്‍ത്തി രക്ഷാസേന നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ഭീകരവാദികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് തുരങ്കം നിര്‍മിച്ചതെന്നാണ് സൂചന.

ജനുവരി 13ന് ഹിരണ്‍നഗര്‍ സെക്ടറിലും തുരങ്കം കണ്ടെത്തിയിരുന്നു. 25 അടി ആഴവും മൂന്ന് അടി വ്യാസവും 150 മീറ്റര്‍ ദൈര്‍ഘ്യവും ഉള്ളതായിരുന്നു ഈ തുരങ്കം. 2020 നവംബര്‍ 22ന് സാംബ ജില്ലയിലും സമാനമായ വിധത്തില്‍ തുരങ്കം കണ്ടെത്തിയിരുന്നു.

Content Highlights: BSF detects second underground tunnel at International Border in Jammu and Kashmir