കോസ്റ്റുഗാർഡിന്റെ കപ്പലിൽ മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്ത് എത്തിച്ചപ്പോൾ
വിഴിഞ്ഞം: ആഴക്കടലില്‍വെച്ച് ബോട്ടിന്റെ എന്ജിന് കേടായി ബ്രിട്ടീഷ് അധീനതയിലുള്ള സലോമന്‍ ദ്വീപില്‍ അകപ്പെട്ട 14 മത്സ്യത്തൊഴിലാളികളെ വിദേശ കപ്പല്‍ രക്ഷപ്പെടുത്തി വിഴിഞ്ഞം കോസ്റ്റുഗാര്ഡിനു കൈമാറി. ഇവരെ തിങ്കളാഴ്ച 11.30-ഓടെ വിഴിഞ്ഞം തീരത്ത് എത്തിച്ചു. തമിഴ്നാട്ടുകാരായ അഞ്ചുപേരും മലയാളികളായ ഒന്‍പതുപേരും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പെരുമാതുറ സ്വദേശികളായ സെബാസ്റ്റ്യന്‍(56), മരിയനാട് പുതുവല്‍ പുരയിടത്തില്‍ ബിജുജോസഫ്(46), ലീന്ജോസഫ്(52), വിഴിഞ്ഞം സ്വദേശികളായ ജൂസ(41), അഗസ്ത്യന്(50), മുല്ലൂരിലെ എഡിസണ്(44), പുതിയതുറ വലിയതോപ്പ് തെക്കേക്കര സ്വദേശികളായ ഇഗ്നേഷ്യസ്(43), മാര്ട്ടിന് (44), പുല്ലുവിള കിണറ്റടി വിളാകം സ്വദേശി ജോര്‍ജ് (43), തമിഴ്നാട് ധര്‍മപുരി മല്ലിക്കാടില് ചിന്നയ്യന്(36), കന്യാകുമാരി പുതുക്കുറിച്ചി ആന്റണി(48), കന്യാകുമാരി കൊടുല്പ്പാട് കേസസ് കോളനി സ്വദേശി ബിജു(36), കന്യാകുമാരി തുത്തൂര്‍ പുത്തന്‍തറ കുരിശടി വിളാകത്ത് ആന്റണി ദാസന്(45), തൂത്തൂര്‍ ഇരവി പുത്തന്‍ തറയില്‍ ടൈറ്റസ് (43) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
രക്ഷിച്ചത് ഗ്രംപിയന് എന്‍ഡുറന്‍സ് കപ്പല്‍
തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തില്നിന്നു കഴിഞ്ഞ നവംബര്‍ 26-നായിരുന്നു കന്യാകുമാരി സ്വദേശി വര്‍ഗീസിന്റെ ക്രിഷമോള്‍ എന്ന ബോട്ടില്‍ ഇവര്‍ ആഴക്കടല്‍ മീന്പിടിത്തതിനു പോയത്. ഡിസംബര്‍ 15-ന് യാത്രയ്ക്കിടയില്‍ ബോട്ടിന്റെ എന്ജിന് കേടായി. നങ്കൂരമിട്ട് കിടന്നുവെങ്കിലും ശക്തിയായ കാറ്റിലും മഴയിലും നങ്കൂരംപൊട്ടി ബോട്ട് ഒഴുകിപ്പോവുകയായിരുന്നു. നങ്കൂരം പൊട്ടിയതോടെ കാറ്റിലും ഒഴുക്കിലുംപെട്ട് ബോട്ട് ദിശതെറ്റി ഒഴുകിയെ ത്തിയത് സലോമന്‍ ദ്വീപുകള്‍ക്ക് അടുത്തായിരുന്നു. തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന ഫൈബര്‍ വള്ളത്തില്‍ എന്ജിന് ഘടിപ്പിച്ച് ഇവര്‍ കരയിലെത്തി. ഗ്രംപിയന് എന്‍ഡുറന്‍സ് കടന്നുപോകുന്ന സമയത്ത് മത്സ്യത്തൊഴിലാളികള്‍ ബഹളം വെച്ചും ചുവന്ന തുണി ഉയര്‍ത്തിക്കാണിച്ചും ശ്രദ്ധനേടി. കപ്പലിലുള്ളവര്‍ കരയിലെത്തി ഇവര്‍ക്ക് ഭക്ഷണവും വെള്ളവും വയര്‍ലെസ് സെറ്റും നല്കി. തുടര്‍ന്ന് മുംബൈയിലുള്ള മാരിടൈം റെസ്ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്ററിന് വിവരം കൈമാറി. ഇവിടെനിന്ന് വിഴിഞ്ഞം സ്റ്റേഷന് കമാന്‍ഡറിനും വിവരം നല്കി.
കപ്പല്‍ പുറപ്പെട്ടത് 27-ന്
കിലിയന്‍ ജെ.ജാക്കി ക്യാപ്റ്റനായ ഗ്രംപിയന് എന്‍ഡുറന്‍സ് കപ്പല്‍ 14 മത്സ്യത്തൊഴിലാളികളെയും കൊണ്ട് കഴിഞ്ഞ ഡിസംബര്‍ 27 നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും മധ്യേയുള്ള കപ്പല്ച്ചാലിലെത്തി. കോസ്റ്റുഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന് കമാന്‍ഡര്‍ ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സി 441എന്ന ചെറുകപ്പലില്‍ ക്യാപ്റ്റന്‍ നിതിന്‍ ജുഗറാന് ഉള്‍പ്പെട്ട സംഘം കുളച്ചലിലെ ആഴക്കടലിലെത്തി. ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയ കപ്പലില്‍നിന്ന് രാവിലെ എട്ടോടെ പ്രത്യേക ബോട്ടിലെത്തിച്ച മത്സ്യത്തൊഴിലാളികളെ ഏറ്റുവാങ്ങി. ഇവരെ 11.30 ഓടെ വിഴിഞ്ഞം ഹാര്‍ബറിലെത്തിച്ചു. കോസ്റ്റല്‍ എസ്.എച്ച്.ഒ. കെ.പ്രദീപ്, എസ്.ഐ.മാരായ സിജിന്‍ മാത്യു, എസ്.ഗിരീഷ് കുമാര്‍ എന്നിവരെത്തി മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലുമെത്തിച്ചു. വിദേശത്ത് കുടുങ്ങിയ സംഭവത്തെത്തുടര്‍ന്ന് എന്‍.ഐ.എ, ഇന്റലിജന്‍സ് ബ്യൂറോ, ഇമിഗ്രേഷന്‍, കോസ്റ്റല്‍ പോലീസ് എന്നിവര്‍ മത്സ്യത്തൊഴിലാളികളെ ചോദ്യംചെയ്തു. അസാധാരണമായി ഒന്നുമില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ഇവരെ നാട്ടിലേക്ക് വിട്ടയയ്ക്കുമെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു.
Content Highlights: British ship helped indian fishermen from salomon islands
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..