കോഴിക്കോട്: അന്യസംസ്ഥാനത്തുള്ള മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് യുവമോര്‍ച്ച. അന്യസംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാത്ത കേരള സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജെ ആര്‍ അനുരാജ് പറഞ്ഞു. അന്യസംസ്ഥാന മലയാളികളെ നാട്ടില്‍ എത്തിക്കുവാന്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്യസംസ്ഥാനത്തുള്ള മലയാളികള്‍ക്ക് കേരളം പാസ് നിഷേധിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കുടുങ്ങിയവര്‍ക്ക് ഉടന്‍ പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനുരാജ്.

മറ്റ് സംസ്ഥാന സര്‍ക്കാരുകളെല്ലാം അവരുടെ നാട്ടിലുള്ളവരെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളോട് തൊട്ടുകൂടായ്മ കാണിക്കുകയാണ്. ഈ മാസം ഒന്നു മുതല്‍ 17 വരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തീവണ്ടികള്‍ പ്രയോജനപ്പെടുത്താത് കേരളം മാത്രമാണ്.

അന്യസംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിച്ച് റെയില്‍ ഗതാഗതവും കെ.എസ്.ആര്‍.ടി.സി. ഉപയോഗിച്ച് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ നാട്ടിലെത്തിക്കാമെന്നിരിക്കെ മുഖ്യമന്ത്രി എന്തുകൊണ്ട് അതിന് തയ്യാറാവുന്നില്ലായെന്നും മറ്റു സംസ്ഥാനങ്ങള്‍ പാസ് നല്‍കിയവര്‍ക്ക് കേരളം പാസ് അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാസ് നല്‍കാതെ മണിക്കൂറുകളോളം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആളുകളെ അതിര്‍ത്തിയില്‍ തടഞ്ഞുനിര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാന്നെന്നും അദ്ദേഹം പറഞ്ഞു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍.സജിത്ത്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ:ബി.ജി. വിഷ്ണു എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നന്ദു എസ് നായര്‍, എച്ച്.എസ്.അഭിജിത്, എസ്.എം. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

content highlights: bring back malayali's from other states demands yuvamorcha