സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പ്
തിരുവനന്തപുരം: കെകെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിനാല്‍ വലിയ പ്രതിഷേധമാണ് സമൂഹമാധ്യങ്ങളില്‍ ഉയരുന്നത്. മികച്ച പ്രതിച്ഛായയുള്ള, കേരളത്തിന്റെ ആരോഗ്യമേഖലയെ ആഗോളശ്രദ്ധാകേന്ദ്രമാക്കി മാറ്റിയതില്‍ ടീച്ചര്‍ക്കുള്ള പങ്ക് വലിയതാണെന്നാണ് പൊതുവാദം. പുതിയ മന്ത്രിമാരുടെ പട്ടികയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ തുടരുകയാണ്. ഒരു ഭാഗത്ത് #bringbackkkshailajateacher ക്യാംപയ്ന് തുടരുമ്പോള്‍ മറ്റൊരു ഭാഗത്ത് തീരുമാനത്തെ ന്യായീകരിച്ചുള്ള ചര്‍ച്ചകളും കൊഴുക്കുകയാണ്. ഇടത് അനുഭാവികള്‍ തന്നെ കെകെ ശൈലജ ഇല്ലാത്ത പട്ടികയില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. പാര്‍ട്ടി അണികള്‍ക്കും ഇതില്‍ അതൃപ്തി ഉണ്ടെന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാണ്.
സിപിഎം അനുകൂല പേജുകളായ പോരാളി ഷാജിയിലും പിജെ ആര്‍മിയിലും ഇത്തരം പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൈബര്‍ ഇടങ്ങളില്‍ സിപിഎമ്മിനെ ശക്തമായി അനുകൂലിക്കുന്ന പേജാണ് പിജെ ആര്‍മി. 'കോപ്പ്' എന്ന ഒറ്റവാക്ക് മാത്രമാണ് മന്ത്രിമാരുടെ പട്ടിക പുറത്തുവന്നതിനു പിന്നാലെ ഈ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ടീച്ചര്‍ക്ക് ഒരു അവസരം കൂടികൊടുക്കണമെന്നാണ് പോരാളി ഷാജി പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണമെന്നും പോരാളി ഷാജി പോസ്റ്റില്‍ പറയുന്നു. പാര്‍ട്ടി വിമതരല്ല പാര്‍ട്ടിക്കൊപ്പം തന്നെയെന്ന് കുറിച്ചുകൊണ്ടാണ് കെകെ ഷൈലജയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ പോരാളി ഷാജി അതൃപ്തി അറിയിച്ചിരിക്കുന്നത്.
കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണം.ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചര്‍ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.- പോരാളി ഷാജിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പറയുന്നു.
സിപിഎമ്മിന് വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത് എന്നാണ് തീരുമാനത്തില്‍ സിപിഎം നല്കുന്ന വിശദീകരണം. പുതുമുഖങ്ങള്‍ എന്ന നിലപാട് ഒരാള്‍ക്ക് വേണ്ടി മാത്രമായി തുടരുന്നത് ധാര്‍മികമല്ലെന്നും പാര്‍ട്ടി വിശദീകരിക്കുന്നു. എന്നാല്‍ തീരുമാനത്തോടെ പാര്‍ട്ടി അണികളുള്‍പ്പെടെയുള്ളവര്‍ ഏറെ വൈകാരികമായാണ് പ്രതികരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..