പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന്. photo: mathrubhumi news|screen grab
ഇടുക്കി: മൂന്നാറില്‍ വ്യാജ പട്ടയം നിയമവിധേയമാക്കാന്‍ നടന്ന കൈക്കൂലി ഇടപാടിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആനവിരട്ടി വില്ലേജിലെ മൂന്ന് പട്ടയ നമ്പറുകള്‍ ക്രമപ്പെടുത്താന്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. രണ്ട് തഹസില്‍ദാര്‍മാരും ഒരു സര്‍വേയറുമാണ് ദൃശ്യങ്ങളില്‍ കുടുങ്ങിയത്.
തമിഴ്നാട് സ്വദേശിയായ ഡോക്ടര്‍ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടന്ന ഇടപാടിന്റെ ദൃശ്യങ്ങളാണിത്. ദേവികുളം തഹസില്‍ദാര്‍ ആര്. രാധാകൃഷ്ണന്, മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ പി.പി ജോയി, ദേവികുളം താലൂക്ക് സര്‍വേയര്‍ ഉദയകുമാര്‍ എന്നിവരാണ് ദൃശ്യത്തിലുള്ളത്.
മൂന്നാറിലെ കൈയേറ്റം തടയുന്നതിനും വ്യാജ പട്ടയങ്ങള്‍ കണ്ടെത്തുന്നതിനുമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് കൂടിയാണ് സ്പെഷ്യല്‍ തഹസില്‍ദാര്‍ പി.പി. ജോയി. ഇതിനുമുമ്പും വഴിവിട്ട ഇടപാടുകള്‍ നടത്തി നടപടി നേരിട്ട ആളാണ് ഇദ്ദേഹം. നിയമവിരുദ്ധമായ പട്ടയം സാധൂകരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തഹസില്‍ദാര്‍ ആര്. രാധാകൃഷ്ണന് ഉപദേശം നല്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
1993-ലെ പട്ടയമാണിതെന്ന് ഇവരുടെ സംഭാഷണത്തില്‍ തന്നെ വ്യക്തമാണ്. ആനവിരട്ടി വില്ലേജിലടക്കം വ്യാപകമായി രവീന്ദ്രന് പട്ടയമെന്നും വൃന്ദാവന്‍ പട്ടയമെന്നും പിന്നീട് കുപ്രസിദ്ധി നേടിയ നിരവധി പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. ഈ പട്ടയങ്ങളുടെ പോക്കുവരവ് പിന്നീട് തടയുകയായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തായതോടെ ഡോ. ആനന്ദിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പോക്കുവരവ് ചെയ്യാന്‍ കഴിയില്ലെന്ന് കാട്ടി റിപ്പോര്‍ട്ട് നല്കി തടിയൂരാന്‍ ശ്രമത്തിലാണ് ഈ ഉദ്യോഗസ്ഥര്‍.
കര്‍ശന നടപടി സ്വീകരിക്കും- മന്ത്രി
മാതൃഭൂമി ന്യൂസ് പുറത്തുവിട്ട വാര്‍ത്ത ഗൗരവമുള്ളതാണെന്ന് റവന്യൂ മന്ത്രി കെ. രാജന് പ്രതികരിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
content highlights: bribery to legalize forgery, officials caught on camera
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..