തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ ഇടപാടില്‍ ഒരു കോടി രൂപയല്ല നാലേകാല്‍ കോടിയാണ് കൈക്കൂലിയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ പറയുന്നു.

ഗൗരവതരമല്ലേ ഇത്. ധനകാര്യമന്ത്രി പറയുന്നു, എനിക്കും ഇത് അറിയാമായിരുന്നു എന്ന്. തട്ടിപ്പ് നടന്നു എന്ന് അറിഞ്ഞിട്ട് അദ്ദേഹം ആദ്യം ചെയ്യേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായിരുന്നില്ലേ. അദ്ദേഹം അത് ചെയ്തില്ല, എന്തുകൊണ്ട് അറിയിച്ചില്ല. കോഴ സാക്ഷിയെന്നാണ് തോമസ് ഐസക്കിനെ വിശേഷിപ്പിക്കേണ്ടത്. ഈ മന്ത്രിയാണോ നികുതി വെട്ടിപ്പിന് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരെ വിടുന്നത്. ട്രഷറി വെട്ടിപ്പിന് മൂകസാക്ഷിയായിരുന്നയാള്‍ ഇപ്പോള്‍ കോഴ സാക്ഷിയായിരിക്കുന്നു. കോഴ ഇടപാട് നടന്നിട്ട് അറിഞ്ഞിട്ടും അറിയിക്കാതിരുന്ന ആള്‍ അവതരിപ്പിക്കുന്ന ധനകാര്യ ബില്ലില്‍ എങ്ങനെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമെന്നും ചെന്നിത്തല ചോദിച്ചു.

ഇതോടെ വസ്തുതകള്‍ക്ക് കൂടുതല്‍ ബലം വന്നിരിക്കുന്നു. നിയമമന്ത്രി എ.കെ ബാലനും ശരിവെച്ചിരിക്കുന്നു. കോഴയുമായി ബന്ധപ്പെട്ട് ഇവര്‍ക്കെല്ലാം അറിയാമായിരുന്നു എന്ന് ഇവര്‍ തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്ക് അറിവില്ല എന്ന് എങ്ങനെ പറയും. ഭൂമി കൊടുത്തതല്ലാതെ ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് സഹമന്ത്രിമാര്‍ പോലും പറഞ്ഞുകഴിഞ്ഞു. സര്‍ക്കാരിന്റെ പൂര്‍ണ സമ്മതത്തോടെയാണ് യൂണിടെക്‌സ് തുടങ്ങിയത്. 

ഉന്നതതലങ്ങളില്‍ നടന്ന ഗൂഢാലോചനയാണ്. ആരാണ് ലൈഫ് പദ്ധതിയുടെ അധ്യക്ഷന്‍? അത് മുഖ്യമന്ത്രിയാണ്. റെഡ്ക്രസന്റുമായി ചര്‍ച്ച വിളിച്ചത് മുഖ്യമന്ത്രി അല്ലേ. അവിടെവെച്ച് കമ്മീഷന്‍ തുകയില്‍ തീരുമാനമുണ്ടായിട്ടുണ്ട് എന്ന വിവരംകൂടി വരുമ്പോള്‍ ആര്‍ക്കാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ളത്. ഇത് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന കോഴയിടപാടാണ്. ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രി ഇപ്പോഴാണോ ഫയല്‍ കാണേണ്ടത്. ഇപ്പോള്‍ ഫയല്‍ വിളിപ്പിച്ചത് വെറും തട്ടിപ്പാണ്.

മുഖ്യമന്ത്രി വിളിച്ച യോഗത്തിന് മിനിട്‌സ് പോലുമില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അതെങ്ങനെ വിശ്വസിക്കും. മിനിട്‌സില്ലാതെ എങ്ങനെ യോഗം ചേരുമെന്നും ചെന്നിത്തല ചോദിച്ചു.

Content Highlights: Isaac Bribery witness says Chennithala