കേരള ഹൈക്കോടതി | Photo: Mathrubhumi
കൊച്ചി: കേരള ഹൈക്കോര്‍ട്ട് അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടക്കുന്ന പുസ്തകപ്രകാശന ചടങ്ങിലെ അധ്യക്ഷസ്ഥാനത്തുനിന്ന് ആരോപണ വിധേയനായ അഭിഭാഷകനെ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാറാണ് ഉപഭോക്തൃ നിയമത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുന്നത്. ഈ ചടങ്ങില്‍ ആദ്യം അധ്യക്ഷനായി നിശ്ചയിച്ചത് അടുത്തിടെ സംഘടനയുടെ മുഖ്യ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകനെയായിരുന്നു. അദ്ദേഹത്തെ അധ്യക്ഷനായി നിശ്ചയിച്ച് പരിപാടിയുടെ ബ്രോഷര്‍ അടക്കം അച്ചടിച്ച് നല്‍കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ അഭിഭാഷകന് കക്ഷിയുടെ പക്കല്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം പുറത്തുവന്നത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണവും തുടങ്ങി. മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാകുകയും ചെയ്തു.
തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് അഭിഭാഷകനെ മാറ്റിയത്. ഹൈക്കോര്‍ട്ട് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്.
സത്യം പുറത്തു കൊണ്ടുവരണമെന്ന് അഭിഭാഷകസംഘടനകള്‍
ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ തല്‍സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ഓള് കേരള ലോയേഴ്സ് യൂണിയന് കേരള ഹൈക്കോടതി കമ്മിറ്റി ആവശ്യപ്പെട്ടു. ആരോപണം നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് പോറലേല്‍പ്പിക്കുന്നതാണ് - എ.ഐ.എല്‍.യു. ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി അഡ്വ. സി.എം. നാസര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ആരോപണത്തില്‍ വസ്തുതകള്‍ പുറത്തു കൊണ്ടു വരാന്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു.
സംശയത്തിന് അതീതമായി നിലകൊള്ളേണ്ട ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജഡ്ജിമാര്‍ യോഗം ചേര്‍ന്നാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ജുഡീഷ്യറി തന്നെ ആരോപണം അന്വേഷിക്കണം എന്ന നിലപാട് സ്വീകരിച്ചത് സ്വാഗതാര്‍ഹമാണെന്നും ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. പ്രമോദ് അഭിപ്രായപ്പെട്ടു.
ഉടന്‍ മൊഴിയെടുക്കും-സിറ്റി പോലീസ് കമ്മിഷണര്‍
ആരോപണത്തില്‍ കൈക്കൂലി നല്‍കിയതായി പറയുന്ന സിനിമാ നിര്‍മാതാവിന്റെയും ആരോപണ വിധേയനായ അഭിഭാഷകന്റെ രണ്ട് ജൂനിയര്‍മാരുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന് പറഞ്ഞു. ചൊവ്വാഴ്ച നോട്ടീസ് നല്കിത്തുടങ്ങും. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി. ക്ക് നല്‍കും. ആരോപണത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ഹൈക്കോടതി രജിസ്ട്രാറുമായി കമ്മിഷണര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.
Content Highlights: bribery allegation advocate Kerala high court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..