ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരത്തിൽനിന്നുയർന്ന വിഷപ്പുക | ഫയൽചിത്രം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/ മാതൃഭൂമി
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സോണ്ട കമ്പനി നല്‍കിയ ഉപകരാറിലും തട്ടിപ്പെന്ന് ആരോപണം. ആരഷ് മീനാക്ഷി എന്‍വയോകെയറുമായി സോണ്ട ഇന്‍ഫ്രാടെക് ഉപകരാറുണ്ടാക്കിയതാണ് തട്ടിപ്പിന് ആധാരം. കരാറില്‍ ഒപ്പുവെക്കുമ്പോള്‍ ആരഷ് കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നതും ബയോമൈനിങ് രംഗത്ത് ആരഷ് കമ്പനിക്ക് മുന്‍പരിചയമില്ലാത്തതും സംഭവം തട്ടിപ്പാണെന്ന ആരോപണങ്ങള്‍ ബലപ്പെടുത്തുകയാണ്.
ബ്രഹ്‌മപുരത്ത് ബയോമൈനിങ്ങിനു വേണ്ടി 54 കോടി രൂപയ്ക്കാണ് സോണ്ട ഇന്‍ഫ്രാടെക് കമ്പനിക്ക് കൊച്ചി കോര്‍പ്പറേഷന്‍ കരാര്‍ നല്‍കിയത്. ഒന്‍പതുമാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ.. എന്നാല്‍ 22.5 കോടി രൂപക്ക് സോണ്ട ഇന്‍ഫ്രാടെക് ആരഷ് കമ്പനിക്ക് കരാര്‍ മറിച്ചു കൊടുക്കുകയായിരുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ജോലികളൊന്നും ചെയ്യാതെ തന്നെ പകുതിയിലധികം തുക ലാഭമായി സോണ്ടയ്ക്ക് ലഭിച്ചുവെന്നാണ് ആരോപണം.
സോണ്ട കമ്പനി യാതൊരു മുന്‍പരിചയവുമില്ലാത്ത ആരഷ് കമ്പനിയുമായി ഉണ്ടാക്കിയ ഉപകരാറിന് പിന്നില്‍ ബിനാമികളുണ്ടെന്ന ആരോപണവും ശക്തമാണ്. ആരഷ് മീനാക്ഷി എന്‍വയോകെയറുമായി സോണ്ട ഉപകരാറിലേര്‍പ്പെടുന്നത് 2021 നവംബര്‍ 20-ാം തീയതിയാണ്. അന്ന് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നു. ഈ കരാറുണ്ടാക്കി ഒരുമാസത്തിന് ശേഷം ഡിസംബര്‍ 20-നാണ് ആരഷ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ 'ആരഷ്' കമ്പനി കരാര്‍ നേടിയെടുക്കുന്നതിന് വേണ്ടി മാത്രമുണ്ടാക്കിയ കമ്പനിയെന്ന ആരോപണങ്ങളാണ് ഉയരുന്നത്. കൂടാതെ ബയോമൈനിങിനായി യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിയാണ് ആരഷ് എന്നും ആരോപണമുണ്ട്.
കൊച്ചിയിലെ 'സ്വാമി ബുക്ക് ഹൗസ്' നടത്തുന്ന വെങ്കിട്ട് ആണ് ആരഷ് കമ്പനിയുടെ എം.ഡി. ബ്രഹ്‌മപുരം ഉപകരാര്‍ വിഷയം വിവിധ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ആരഷ് എം.ഡി. വെങ്കിട്ട് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്.
ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണം നടക്കുന്നില്ലെന്നും ബ്രഹ്‌മപുരത്ത് നടന്നത് അഴിമതിയാണെന്നും ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ബ്രഹ്‌മപുരത്ത് നടന്നത് മുഴുവന്‍ അഴിമതിയാണെന്നും പണം ചെലവഴിക്കല്‍ മാത്രമാണ് നടക്കുന്നതെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, സോണ്ട ഇന്‍ഫ്രാടെക്കുമായി ഉണ്ടാക്കിയ കരാറിന്റെ ആധികാരികമായ രേഖകള്‍ പുറത്തുവിടാനോ അവര്‍ക്കെതിരേ അന്വേഷണം നടത്താനോ കോര്‍പറേഷന്‍ തയ്യാറായിട്ടില്ലെന്ന് എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി. ഇതിനിടെയാണ് സോണ്ട കമ്പനി മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: brahmapuram sub contract controversy allegation against zonta infratech and arash company
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..