ബ്രഹ്മപുരത്ത് കുന്നുകൂടിക്കിടക്കുന്ന മാലിന്യം
കൊച്ചി: ബ്രഹ്മപുരം ജൈവമാലിന്യ കരാര്‍ കമ്പനിക്കെതിരായ വിജിലന്‍സ് അന്വേഷണം ആരംഭിക്കുന്നു. അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടിട്ടും നാലുമാസമായി വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നില്ല. ബ്രഹ്മപുരത്തെ തീപ്പിടിത്തെ തുടര്‍ന്ന് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം വിവാദമായതിന് പിന്നാലെയാണ് വിജിലന്‍സിന്റെ പുതിയ നീക്കം.
അനുമതിക്കായി സര്‍ക്കാരിന് കത്തെഴുതി കാത്തിരിക്കുകയായിരുന്നു. 250 ടണ്‍ ജൈവമാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്ത കമ്പനി ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണം ഉയര്‍ന്നത്. സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് മാനേജിങ് പാര്‍ട്ണറായ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്‌കരണ കരാര്‍. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ത്വരിതപരിശോധന നടത്താന്‍ കഴിയാത്തതെന്നായിരുന്നു വിജിലന്‍സിന്റെ വിശദീകരണം.
250 ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. ഇത്രയും മാലിന്യം സംസ്‌കരിക്കുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമായിരുന്നു ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യത. ഒറ്റപ്പാലം, മലപ്പുറം നഗരസഭകളിലെ മാലിന്യസംസ്‌കരണത്തിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് ഹാജരാക്കിയത്. ഇവിടെ ഇത്രയും മാലിന്യങ്ങള്‍ സംസ്‌കരിച്ച പരിചയം കമ്പനിക്ക് ഇല്ലെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്ന പരാതിയില്‍ 2022 നവംബറില്‍ ത്വരിതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം.
കോടതി ഉത്തരവുണ്ടെങ്കിലും അനുമതിക്കായി വിജിലന്‍സ് സര്‍ക്കാരിന് കത്തെഴുതി കാത്തിരിക്കുകയായിരുന്നു. എന്നാല്‍, വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടികളുമായി വിജിലന്‍സ് മുന്നോട്ടുപോകുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പരാതിക്കാരനോട് നേരിട്ട് ഹാജരാകാനാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. കരാര്‍ രേഖകള്‍ ഹൈക്കോടതി വിളിച്ചുവരുത്തിയതിനിടെയാണ് വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്.
Content Highlights: brahmapuram star constructions vigilance case enquiry starting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..