വീണാ ജോർജ്, ടി.ജെ. വിനോദ് | Photo: Screengrab/ Sabha TV
തിരുവനന്തപുരം: ഞായറാഴ്ച വൈകുന്നേരത്തോടെ ബ്രഹ്മപുരത്തെ തീ പൂര്‍ണ്ണമായും അണച്ചെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അഗ്നിബാധ റിപ്പോര്‍ട്ട് ചെയതപ്പോള്‍ തന്നെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സര്‍ക്കാര്‍ നടപടികളെടുത്തു. ഞായറാഴ്ച പ്ലാന്റില്‍ സമഗ്ര ഡ്രോണ്‍ സര്‍വേ നടത്തി. വരുന്ന മണിക്കൂറുകളില്‍ പുകയോ അതുവഴി വീണ്ടും തീപ്പിടിത്തമോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഗ്നിശമനസേന നടത്തുന്നുണ്ട്. വായുനിലവാരം ഗണ്യമായ നിലയില്‍ മെച്ചപ്പെട്ടുവെന്നും മന്ത്രി സഭയെ അറിയിച്ചു.
ആരോഗ്യവകുപ്പ് ഒമ്പത് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. തിങ്കളാഴ്ച മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്. 851 പേര്‍ ഞായറാഴ്ച വൈകീട്ട് വരെ ചികിത്സ തേടി. ആരോഗ്യവകുപ്പ് ഫീല്‍ഡ് സര്‍വേ ചൊവ്വാഴ്ച ആരംഭിക്കും. മൊബൈല്‍ ക്ലിനിക്കുകള്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമാക്കും. ആശങ്കകള്‍ക്കുള്ള സാഹചര്യമില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
അതേസമയം, പ്രമേയാവതരണത്തിനുള്ള നോട്ടീസ് നല്‍കിയ ടി.ജെ. വിനോദ് എം.എല്‍.എ, മന്ത്രിയുടെ വാദത്തെ തള്ളി. തീ പൂര്‍ണ്ണമായി അണച്ചിട്ടില്ലെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് അദ്ദേഹം പറഞ്ഞു. താനിത് ആധികാരികമായാണ് സഭയെ അറിയിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. നഗരം ഇന്നും പുകയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമാണ് ബ്രഹ്മപുരത്തേത്ത്. വീടിനുള്ളില്‍ പോലും ഇരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് കൊച്ചിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. അഗ്നിശമന യൂണിറ്റുകള്‍ വെള്ളത്തിനായി ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ്. ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഒമ്പത് ദിവസം കഴിഞ്ഞപ്പോഴാണ് മന്ത്രിമാര്‍ ബ്രഹ്മപുരം സന്ദര്‍ശിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം സൃഷ്ടിച്ചതിന് സമാനമാണ് കൊച്ചിയിലെ ദുരന്തമെന്നും ടി.ജെ. വിനോദ് എം.എല്‍.എ. ആരോപിച്ചു.
'ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തെ കാലാനുസൃതമായി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. തീ നിയന്ത്രിക്കുന്നതിലും പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിലും കളക്ടറും നഗരസഭയും പരാജയപ്പെട്ടു. തീപിടിച്ചപ്പോള്‍ മുന്നറിയിപ്പും ഏകോപനവും ഉണ്ടായില്ല. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയരുന്നുണ്ട്. സമഗ്രമായ അന്വേഷണം നടക്കണം. അഴിമതി നടന്നിട്ടില്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ജീവിക്കാന്‍ നിവൃത്തിയില്ലാതെ വിഷവായു ശ്വസിച്ച് ശ്വാസം മുട്ടി ജീവിക്കേണ്ട സാഹചര്യമാണ് സര്‍ക്കാരിന്റേയും കൊച്ചി നഗരസഭയുടേയും ജില്ലാഭരണകൂടത്തിന്റേയും പിടിപ്പുകേടുകൊണ്ട് ഉണ്ടായിരിക്കുന്നത്.', എം.എല്‍.എ. കുറ്റപ്പെടുത്തി.
Content Highlights: brahmapuram plant fire in niyama sabha health minister veena george vs tj vinod mla
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..