ബ്രഹ്‌മപുരത്ത് വീണ്ടും തീപ്പിടിത്തമുണ്ടായപ്പോൾ. ഫോട്ടോ- വി.കെ അജി, മാതൃഭൂമി
കൊച്ചി: ബ്രഹ്‌മപുരത്ത് വീണ്ടും തീപ്പിടിത്തം ഉണ്ടായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. കോര്‍പറേഷന്‍ അധികൃതരെ ഇനി ബ്രഹ്‌മപുരത്തേക്ക് കയറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സോണ്‍ട ജീവനക്കാര്‍ കഴിഞ്ഞ ദിവസം ബ്രഹ്‌മപുരത്ത് എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് പുത്തന്‍കുരിശ് പഞ്ചായത്തംഗം യൂനസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മാര്‍ച്ച് 1-നാണ് ബ്രഹ്‌മപുരത്ത് ആദ്യം തീപ്പിടിത്തമുണ്ടായത്. 13 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആദ്യമുണ്ടായ തീ കെടുത്താന്‍ സാധിച്ചത്. ദിവസങ്ങള്‍ക്കുളളില്‍ ഇത് മൂന്നാമത്തെ തവണയാണ് ബ്രഹ്‌മപുരത്ത് തീപിടുത്തമുണ്ടാകുന്നത്. ഇത് രൂക്ഷമാണ്. കഴിഞ്ഞ ദിവസം സോണ്‍ട കമ്പനിയുടെ ജീവനക്കാര്‍ ബ്രഹ്‌മപുരത്ത് ഉണ്ടായിരുന്നു. എന്തിനാണ് അവര്‍ വന്നതെന്ന് വ്യക്തമാക്കണം. ഇതില്‍ ദുരൂഹതയുണ്ട്. ഇവിടെ ഉണ്ടാക്കിയ ജനകീയ സമിതി എവിടെയാണെന്ന് വ്യക്തമാക്കണം. കോര്‍പറേഷന്‍ അധികൃതരേ ഇനി ബ്രഹ്‌മപുരത്തേക്ക് കയറ്റില്ലെന്നും യൂനസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് 3.15-ഓടെയാണ് ബ്രഹ്‌മപുരത്ത് തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ജനപ്രതിനിധികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. സെക്ടര്‍ ഏഴിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ബ്രഹ്‌മപുരത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ കൂടിയെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടുത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് പ്രദേശത്ത് നിന്ന് ഉയരുന്നത്. കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കി തീ അണയ്ക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
Content Highlights: Brahmapuram fire zonta protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..