1. എൻ വേണുഗോപാൽ 2. ബ്രഹ്‌മപുരത്തെ തീപ്പിടിത്തം | Mathrubhumi archives
കൊച്ചി: ബ്രഹ്‌മപുരം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയ ആരഷ് മീനാക്ഷി കമ്പനിയുമായുള്ള കരാറില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലിന്റെ മകന്‍ വി. വിഘ്‌നേഷ്. എന്നാല്‍ കമ്പനിയുമായി വിഘ്‌നേഷിന് ബന്ധമുണ്ടെന്ന വാദങ്ങള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നപ്പോള്‍ തന്നെ തനിക്കോ തന്റെ മകനോ കരാറുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ കരാറിന്റെ രേഖകള്‍ പുറത്ത് വന്നതോടെ മകന്റെ ബന്ധത്തെക്കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
'ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കമ്പനിയുമായി എന്റെ മകന് ബന്ധമുണ്ടെന്ന ആക്ഷേപമാണ് ആദ്യം മുതല്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഞാന്‍ അത് നിഷേധിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം എന്റെ മരുമകനാണ് ഇതില്‍ പാര്‍ട്‌നര്‍ എന്നൊരു ആക്ഷേപം ഉയരുകയായിരുന്നു. അതും യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഇപ്പോള്‍ ഉയരുന്ന ആരോപണം മകന്‍ കമ്പനിയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. എനിക്ക് അതിനെപ്പറ്റി അറിയില്ല. മകന് ഒരുപാട് പേര്‍ സുഹൃത്തുക്കളായി ഉണ്ട്. കൂടാതെ സാക്ഷിയായി ഒപ്പിടുന്നത് തെറ്റാണെന്നുള്ള വിശ്വാസം എനിക്കില്ല. അതുകൊണ്ട് തന്നെ അതിനെപ്പറ്റി ചോദിക്കുന്നില്ല.'- വേണുഗോപാല്‍ പറഞ്ഞു.
ആരഷ് കമ്പനിയുമായുള്ള കരാറിലെ സാക്ഷിയുടെ സ്ഥാനത്ത് ഒപ്പിട്ടിരിക്കുന്നത് മകന്‍ വിഘ്‌നേഷ് ആണ്. കമ്പനിയുമായി തന്റെ മകന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ആദ്യഘട്ടം മുതല്‍ അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ രേഖകള്‍ പുറത്തുവന്നതോടെയാണ് മകന്റെ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന വേണുഗോപാലിന്റെ പ്രതികരണം.
ബ്രഹ്‌മപുരത്ത് ബയോ മൈനിങ്ങിനു വേണ്ടിയാണ് സോണ്ട ഇന്‍ഫ്രടെക് കമ്പനിക്ക് കരാര്‍ നല്‍കിയത്. 54 കോടി രൂപക്കാണ് കൊച്ചി കോര്‍പറേഷന്‍ കരാര്‍ നല്‍കിയിരുന്നത്. ഒന്‍പതുമാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ 22 കോടി രൂപക്ക് സോണ്ട ഇന്‍ഫ്രാടെക് ആരഷ് കമ്പനിക്ക് കരാര്‍ മറിച്ചു കൊടുക്കുകയായിരുന്നു. 2021 നവംബര്‍ 20ാം തീയതിയാണ് ആരഷ് മീനാക്ഷി എന്‍വയോകെയറുമായി സോണ്ട ഉപകരാറിലേര്‍പ്പെടുന്നത്. അന്ന് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നു. ഈ കരാറുണ്ടാക്കി ഒരുമാസത്തിന് ശേഷം ഡിസംബര്‍ 20നാണ് ആരഷ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കരാര്‍ നേടിയെടുക്കുന്നതിന് വേണ്ടി മാത്രമുണ്ടാക്കിയ കമ്പനിയെന്ന ആരോപണങ്ങളാണ് ഉയരുന്നത്. കൂടാതെ ബയോമൈനിങിനായി യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിയാണ് ആരഷ്.
Content Highlights: Brahmapuram fire zonda sub contract N Venugopal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..