കെ. സുരേന്ദ്രൻ
കോഴിക്കോട്: കൊച്ചിയിലേക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കാമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാഗ്ദാനത്തിന് കേരളം മറുപടി കൊടുത്തില്ലെന്ന കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ പ്രസ്താവന ഗൗരവതരമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കാനാണോ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഈ കാര്യത്തില്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരണം പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കൊച്ചിയിലെ വീഴ്ച ലോകം അറിയാതിരിക്കാനാണോ അഴിമതി പുറത്തറിയാതിരിക്കാനാണോ സംസ്ഥാനം ഇത്തരമൊരു ഞെട്ടിക്കുന്ന നിലപാട് എടുത്തതെന്ന് പിണറായി വിജയന്‍ പറയണം. ബ്രഹ്മപുരം സംഭവത്തില്‍ ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനമാണെന്ന്. തീയണയ്ക്കാന്‍ ഇത്രയും വൈകിയതിനെപ്പറ്റി പറയാതെ 13 ദിവസത്തിനുശേഷം തീയണച്ചത് വലിയ ആനക്കാര്യമായി പറയുകയാണ് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പരാജയമാണ് തീയണയ്ക്കുന്നത് ഇത്രയും വൈകാന്‍ കാരണമെന്നത് മുഖ്യമന്ത്രി മറച്ചുവെക്കുകയാണ്. ബ്രഹ്മപുരം മാലിന്യ നിര്‍മാര്‍ജന കരാര്‍ സോന്‍ഡ കമ്പനിക്ക് കൊടുത്തത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. സര്‍ക്കാര്‍ തലത്തില്‍ നടന്ന അഴിമതി പോലീസും വിജിലന്‍സും അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം. ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ കൊച്ചി കോര്‍പറേഷന്‍ പിരിച്ചുവിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ കേന്ദ്ര ഏജന്‍സികളെ വിളിക്കുകയോ ചെയ്യണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ബ്രഹ്മപുരം വിഷയത്തില്‍ സഭയില്‍ കൈയാങ്കളിയുണ്ടാക്കി ജനങ്ങളുടെ പ്രശ്‌നത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെ രക്ഷിക്കാനാണ് പ്രതിപക്ഷം സംഘര്‍ഷമുണ്ടാക്കുന്നതിന് കൂട്ടുനിന്നത്. കൊച്ചിയിലെ ദുരന്തത്തിന് കാരണം ഇരുമുന്നണികളും തമ്മിലുള്ള പങ്കുകച്ചവടമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഞെളിയന്‍പറമ്പിനെ മറ്റൊരു ബ്രഹ്മപുരമാക്കരുത്
ബ്രഹ്മപുരത്തിന് സമാനമായ സാഹചര്യത്തിലാണ് കോഴിക്കോട് ഞെളിയന്‍ പറമ്പുള്ളത്. സോന്‍ഡ കമ്പനിയുടെ കരാര്‍ ഉടന്‍ റദ്ദാക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ തയ്യാറാവണം. സോന്‍ഡ കമ്പനിക്ക് സംസ്ഥാന സര്‍ക്കാരിലുള്ള പിടിപാടാണ് കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെ കരാര്‍ ഇപ്പോഴും തുടരാന്‍ കാരണമെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Content Highlights: brahmapuram, central health minister statement, k surendran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..