Brahmakumar Vasan Bhaijiകൊച്ചി: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കേരളത്തിലെ സ്ഥാപകനും ആചാര്യസ്ഥാനീയനുമായ രാജയോഗി ബ്രഹ്മാകുമാര്‍ വാസന്‍ ഭായ്ജി (75) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

കൊല്ലം ഓച്ചിറ സ്വദേശിയാണ്. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് ബ്രഹ്മകുമാരീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. രാജയോഗിയായി മാറിയ അദ്ദേഹം പിന്നീട് ജോലി രാജിവെച്ച് ബ്രഹ്മകുമാരീസിന്റെ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറി. 

1973-ല്‍ ബ്രഹ്മാകുമാരീസിന് വേണ്ടി ജീവിതം സ്വയംസമര്‍പ്പിച്ച വാസന്‍ കേരളത്തില്‍ ബ്രഹ്മാകുമാരീസിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നാല് ദശാബ്ദങ്ങളായി ചുക്കാന്‍ പിടിച്ചുവരികയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നിരവധി രാജയോഗ സേവാകേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ എറണാകുളം-തൃശൂര്‍ ബ്രഹ്മാകുമാരീസിന്റെ ഡയറക്ടര്‍ ആണ്. 

വ്യാഴാഴ്ച രാവിലെ 10 മണിവരെ ബ്രഹ്മാകുമാരീസ് ഇടപ്പള്ളി സേവാകേന്ദ്രത്തിലും ശേഷം നെടുമ്പാശ്ശേരിയിലുള്ള ബ്രഹ്മാകുമാരീസിന്റെ രാജയോഗഭവനത്തിലും ദര്‍ശനത്തിന് വച്ചതിനുശേഷം വൈകുന്നേരം മൂന്നുമണിയോടെ കപ്രശ്ശേരിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.