കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാര ബഹിഷ്‌കരണം താത്കാലികമായി പിന്‍വലിച്ച് എറണാകുളം നഗരത്തിലെ ഹോട്ടലുടമകള്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ ചര്‍ച്ചയ്ക്ക് തയ്യാറായതിനെ തുടര്‍ന്നാണ് നടപടി. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ബഹിഷ്‌കരണം തുടരുമെന്ന് ഹോട്ടലുടമകള്‍ വ്യക്തമാക്കി. 

ഒരാഴ്ചയ്ക്കുള്ളില്‍ ഓണ്‍ലൈന്‍ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നാണ് കെ.എച്ച്.ആര്‍.എ വ്യക്തമാക്കിയിട്ടുള്ളത്. ഡിസംബര്‍ ഒന്നു മുതലാണ് ഓണ്‍ലൈന്‍ കമ്പനികളുടെ ഓര്‍ഡറുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം കെ.എച്ച്.ആര്‍.എ സ്വീകരിച്ചിരുന്നത്. കൊച്ചി നഗരത്തിലെ എല്ലാ ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാര കമ്പനികളെയും ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം. 

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കെ.എച്ച്.ആര്‍.എ ബഹിഷ്‌കരണം താത്കാലികമായി പിന്‍വലിച്ചത്. ഹോട്ടല്‍ ഉടമകളില്‍നിന്ന് ഈടാക്കുന്ന കമ്മീഷന്‍ കുറയ്ക്കുക, അനാരോഗ്യകരമായ ഓഫറുകള്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹോട്ടലുടമകള്‍ മുന്നോട്ടുവയ്ക്കുന്നത്. 

ഓണ്‍ലൈന്‍ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ അമിതമായി ഓഫറുകള്‍ നല്‍കുന്നത് ആളുകള്‍ ഹോട്ടലുകളിലേക്ക് വരുന്നതില്‍ കുറവുണ്ടാക്കുന്നുവെന്നാണ് വാദം. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ബഹിഷ്‌കരണം നടത്താനാണ് കെ.എച്ച്.ആര്‍.എയുടെ തീരുമാനം. 

അതേസമയം ബഹിഷ്‌കരണ നീക്കവുമായി കെ.എച്ച്.ആര്‍.എ രംഗത്തെത്തിയിരുന്നെങ്കിലും പല ഹോട്ടലുകളും ഓണ്‍ലൈന്‍ കമ്പനികളുമായി സഹകരിച്ചിരുന്നു.

Content Highlights: Boycott of online food delivery service withdrawn