
മണ്ണാർക്കാട്: ‘‘ഉമ്മ പറഞ്ഞുതന്നതാണ്, ഷോക്കടിച്ചവരെ വടികൊണ്ടടിച്ചാൽ രക്ഷപ്പെടുമെന്ന്’’ - മുഹമ്മദ്സിദാൻ എന്ന അഞ്ചാംക്ലാസുകാരൻ ഇതുപറയുമ്പോൾ മുഖത്ത് പതിവുപോലെയുള്ള നിഷ്കളങ്കത. സ്കൂളും നാടും ഒന്നാകെ അഭിനന്ദനം ചൊരിയുമ്പോഴും താൻചെയ്ത പ്രവൃത്തിയുടെ വലുപ്പമോ പ്രാധാന്യമോ തിരിച്ചറിയാത്തതുപോലെ. പക്ഷേ, തന്റെ കൂട്ടുകാരനെ രക്ഷിക്കാൻ കഴിഞ്ഞെന്നുമാത്രം സിദാനറിയാം.
കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്തിലെ കോട്ടോപ്പാടം എൽ.പി. സ്കൂളിനുസമീപമാണ് കൂട്ടുകാരുടെ സമയോചിത ഇടപെടലിൽ അഞ്ചാംക്ലാസുകാരൻ അക്കരവീട്ടിൽ റാജിഹ് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഷഹജാസ് എന്ന വിദ്യാർഥിയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥികളാണ് സിദാനും റാജിഹും. ഏഴാംതരം വിദ്യാർഥിയാണ് ഷഹജാസ്. അയൽവാസികൾകൂടിയാണ് ഇവർ. സ്കൂൾ ബസിലാണ് പോകാറുള്ളത്. പതിവുപോലെ ബസ് കയറാൻ വീടിനുസമീപത്തെ എൽ.പി. സ്കൂളിനടുത്തെത്തി.
ഇവിടെ ചെറിയറോഡിനും മതിലിനും ഇടയിലായി വൈദ്യുതത്തൂണുമുണ്ട്. മുഹമ്മദ് റാജിഹിന് ചെറിയൊരു കുസൃതിതോന്നി -വൈദ്യുതത്തൂണിലെ ഫ്യൂസിലൊന്ന് തൊടാൻ. തൊട്ടാൽ ചിലപ്പോൾ ഷോക്കടിക്കുമെന്ന് കൂട്ടത്തിൽ മുതിർന്ന ഷഹജാസ് പറഞ്ഞപ്പോഴേക്കും റാജിഹ് മതിലിൽക്കയറിയിരുന്നു.
ഫ്യൂസിൽ തൊട്ടതോടെ റാജിഹിന് ഷോക്കടിച്ചു. കൂട്ടുകാർ നോക്കുമ്പോൾ റാജിഹ് ഫ്യൂസിൽത്തന്നെ പിടിച്ചിരിക്കുന്ന നിലയിലാണ്. അപ്പോഴും അപകടമറിയാതെ, കൂട്ടുകാരനോട് നിലത്തിറങ്ങാൻ ആവശ്യപ്പെട്ട് ഷഹജാസ് റാഹിജിന്റെ കാലിലെ ഷൂവിൽ പിടിച്ചുവലിച്ചു. ഇതോടെ ഷഹജാസിനും ചെറിയതോതിൽ ഷോക്കേറ്റു. കൈ പെട്ടെന്ന് തെറിച്ചുമാറിയതിനാൽ അപകടം ഒഴിവായി.
അപ്പോഴാണ് റാജിഹിന് ഷോക്കേറ്റിരിക്കയാണെന്ന് ഇരുവർക്കും മനസ്സിലായത്. പെട്ടെന്നുതന്നെ സിദാൻ സമീപത്തുകിടന്നിരുന്ന വടിയെടുത്ത് റാജിഹിനെ രണ്ടുതവണ അടിച്ചുനോക്കിയെങ്കിലും ഫ്യൂസിൽനിന്ന് കൈ വിടുവിക്കാനായില്ല. മൂന്നാമത്തെ അടിയിൽ കൈ വിട്ടു. റാജിഹ് താഴേക്ക് പതിച്ചു.
ഈവഴിവന്ന ബൈക്ക് യാത്രികനോട് ഇരുവരും വിവരംപറയുകയും ഇദ്ദേഹം റാജിഹിനെ തറയിൽനിന്നെടുക്കുകയും ചെയ്തു. ഏതാനും സെക്കൻഡുകൾ കഴിഞ്ഞപ്പോഴാണ് റാജിഹിന് സംസാരിക്കാനായത്. തുടർന്ന്, ആശുപത്രിയിലെത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. രക്ഷിതാക്കളായ സലീമും ഹസനത്തും കൂടെയുണ്ടായിരുന്നു. റാജിഹിന്റെ ഉള്ളംകൈയിലും കൈയിന്റെ പുറത്തും പൊള്ളലേറ്റിരുന്നു. വീഴ്ചയിൽ ഒരുകൈയ്ക്ക് പൊട്ടലുമേറ്റു.
ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ റാജിഹ് വിശ്രമത്തിലാണ്. വ്യാഴാഴ്ചത്തെ ഹിന്ദിപരീക്ഷ എഴുതാനുമായില്ല. സിദാനും ഷഹജാസിനും പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സ്കൂളിൽ അനുമോദനമൊരുക്കി. സമ്മാനവും നൽകി.
പ്രിൻസിപ്പൽ എം.പി. സാദിഖ്, പ്രധാനാധ്യാപകൻ ശ്രീധരൻ പേരേഴി, മാനേജർ കല്ലടി റഷീദ്, പി.ടി.എ. പ്രസിഡന്റ് കെ.ടി. അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി. ഗിരീഷ്, സീനിയർ അസിസ്റ്റന്റ് കെ.എസ്. മനോജ്, പി. മനോജ്, കെ. മൊയ്തുട്ടി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സിദാനെ ഫോണിൽവിളിച്ച് അഭിനന്ദിച്ചു.
Content Highlights: mothers advice helps boy to rescue friend from being electrocuted, Palakkad News
Published: 20 Dec 2024, 07:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented