ലക്ഷ്യമിട്ടത് പാര്‍ട്ടി ആസ്ഥാനം, അന്വേഷണം സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്; വ്യാപക പ്രതിഷേധം


ഇരുചക്രവാഹനത്തിൽ എത്തിയയാൾ എ.കെ.ജി. സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ്‌ മടങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യം/ സംഭവമറിഞ്ഞ് എ.കെ.ജി. സെൻററിനു മുന്നിലെത്തിയനേതാക്കളും പ്രവർത്തകരും

തിരുവനന്തപുരം: എ.കെ.ജി. സെന്ററിനു സമീപത്തെ ഹാളിന്റെ മതിലിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ വ്യാപക പ്രതിഷേധം. രാത്രി വൈകിയും സി.പി.എം. പ്രവര്‍ത്തകര്‍ സെന്ററിലേക്ക് എത്തി. സംഭവമറിഞ്ഞ് നേതാക്കളും സ്ഥലത്തേക്കു പാഞ്ഞെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് പോലീസ് എത്തി വടംകൊണ്ട് തിരിച്ചുകെട്ടി. കലാപം അഴിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നാണ് സി.പി.എം. നേതാക്കള്‍ ആരോപിക്കുന്നത്. ജനങ്ങളുടെ സഹായത്തോടെ സമാധാനപരമായി നേരിടുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. അക്രമികളെ ഒറ്റപ്പെടുത്തുമെന്നും ആസൂത്രിതമാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. മന്ത്രി ജി.ആര്‍.അനില്‍, എ.എ.റഹിം എം.പി., എം.എ.ബേബി, വി.കെ.പ്രശാന്ത് എം.എല്‍.എ., കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ., പന്ന്യന്‍ രവീന്ദ്രന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയ നിരവധി നേതാക്കള്‍ സ്ഥലത്ത് എത്തിയിരുന്നു.

അന്വേഷണം സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്

വ്യാഴാഴ്ച രാത്രി എ.കെ.ജി. സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞയാള്‍ വന്നത് കുന്നുകുഴി ഭാഗത്തുനിന്ന്. ഇരുചക്ര വാഹനത്തിലെത്തിയയാള്‍ ആദ്യം പരിസരമെല്ലാം നോക്കുന്നു. പിന്നീട് തിരിച്ചുപോകുന്നു. സെക്കന്‍ഡുകള്‍ക്കകം വീണ്ടും തിരിച്ചുവരുന്നു. ഇരുചക്രവാഹനം വേഗം നിര്‍ത്തിയശേഷം കൈയില്‍ കരുതിയിരുന്ന സ്ഫോടകവസ്തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുന്നു. പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഇയാള്‍ വേഗം വണ്ടിയോടിച്ച് കുന്നുകുഴി ഭാഗത്തേക്ക് തിരിച്ചുപോകുകയായിരുന്നു. ഇവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാലേ അക്രമിയെ കൃത്യമായി അറിയാന്‍ കഴിയൂ. പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചുതുടങ്ങി.

ഫൊറന്‍സിക് സംഘമെത്തി തെളിവ് ശേഖരിച്ചു

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ ഫൊറന്‍സിക് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. അതിവേഗം അന്വേഷണം നടക്കുന്നതെന്ന സൂചനയാണ് ഇതു നല്‍കുന്നത്. വളരെ വേഗമാണ് സംഘമെത്തിയത്. ഏതു രീതിയിലുള്ള സ്ഫോടകവസ്തുവാണ് എറിഞ്ഞതെന്ന് സംഘം കണ്ടെത്തും. സ്ഫോടകവസ്തുക്കള്‍ ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്.

ലക്ഷ്യമിട്ടത് പാര്‍ട്ടി ആസ്ഥാനം

  • രാത്രി 11.25: കുന്നുകുഴിയില്‍നിന്ന് എ.കെ.ജി. സെന്ററിലേക്കെത്തുന്ന വഴിയില്‍ സ്‌കൂട്ടറില്‍ അക്രമിയെത്തുന്നു. എ.കെ.ജി. സെന്ററിനു മുന്നിലേക്ക് വാഹനം എത്തിയ ശേഷം തിരികെ വീണ്ടും താഴത്തെ ഗേറ്റിലേക്കെത്തുന്നു. വാഹനം റോഡിനു കുറുകെ എ.കെ.ജി. ഹാളിന്റെ ഭാഗത്തേക്കു തിരിച്ചു നിര്‍ത്തിയ ശേഷം ബാഗില്‍നിന്നും അക്രമി സ്ഫോടകവസ്തുവെടുത്ത് എറിയുന്നു. തുടര്‍ന്ന് കുന്നുകുഴി ഭാഗത്തേക്ക് അതിവേഗം ഓടിച്ചുപോകുന്നു.
  • 11.40: സി.പി.എം. പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി. സെന്ററിനു നേര്‍ക്കുണ്ടായ ആക്രമണ വാര്‍ത്ത ക്ഷണനേരത്തിനുള്ളില്‍ പടര്‍ന്നു. ചാനലുകളില്‍ വാര്‍ത്താ സ്‌ക്രോളുകള്‍ നിറഞ്ഞു.
  • 11.51: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഓഫീസിനു മുന്നില്‍ സ്‌ഫോടകവസ്തുവെറിഞ്ഞ സ്ഥലത്തേക്കെത്തുന്നു. അധികം താമസിയാതെ മന്ത്രി ആന്റണി രാജുവും സ്ഥലത്തെത്തി.
  • 12.10: മാധ്യമങ്ങളോടു സംസാരിക്കുന്ന ഇ.പി.ജയരാജന്‍ ആക്രമണത്തെ അപലപിക്കുന്നു. ചാനലുകളോടു സംസാരിച്ച മന്ത്രി അക്രമത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിക്കുന്നു.
  • പ്രവര്‍ത്തകര്‍ സംയമനം കൈവിടരുതെന്നും അഭ്യര്‍ഥിക്കുന്നു.
  • 12.15: സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.
  • 12.20: പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനമായി എ.കെ.ജി. സെന്ററിനു മുന്നിലെത്തുന്നു. തുടര്‍ന്ന് പ്രതിഷേധ പ്രകടനങ്ങള്‍ പാളയം ഭാഗത്തേക്കു നീങ്ങുന്നു. മന്ത്രിമാരായ വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ് അടക്കം കൂടുതല്‍ നേതാക്കള്‍ എ.കെ.ജി. സെന്ററിനു മുന്നിലേക്കെത്തുന്നു.
  • പുലര്‍ച്ചെ ഒന്നോടെ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ചെറുസംഘങ്ങളായെത്തിയ സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനങ്ങള്‍ ശക്തമായി.
കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കും- കമ്മിഷണര്‍

ഫൊറന്‍സിക് പരിശോധന നടത്തിയാല്‍ മാത്രമേ എറിഞ്ഞത് ഏതുരീതിയിലുള്ള സ്ഫോടകവസ്തുവാണെന്ന് അറിയാന്‍ കഴിയൂ. കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധം

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ.യുടെയും എസ്.എഫ്.ഐ.യുടെയും നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. എ.കെ.ജി. സെന്ററില്‍നിന്നും പാളയം, സെക്രട്ടേറിയറ്റ് വഴിയായിരുന്നു പ്രകടനം. സമാധാനപരമായിരുന്നു പ്രകടനം. ഷിജൂഖാന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കനത്ത പോലീസ് സംരക്ഷണം

എ.കെ.ജി. സെന്ററിനും പരിസരത്തും കനത്ത പോലീസ് വിന്യാസമാണ്. നഗരത്തിനുള്ളില്‍ പോലീസ് പട്രോളിങ് ശക്തമാക്കി. കെ.പി.സി.സി. ഓഫീസിനും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അക്രമിക്കായും പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

കോണ്‍ഗ്രസിനെതിരേ സി.പി.എം.

സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരേ രാഷ്ട്രീയ ആയുധമാക്കാന്‍ സി.പി.എം. രാത്രി വൈകിയാണ് സംഭവമുണ്ടായെങ്കിലും അര്‍ധരാത്രിയോടെ മന്ത്രിമാരും മുതിര്‍ന്ന എല്‍.ഡി.എഫ്. നേതാക്കളും എ.കെ.ജി. സെന്ററില്‍ നേരിട്ടെത്തി മാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചു. അടുത്ത ദിവസം അക്രമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കേരളം കലാപഭൂമിയാക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കമാണ് സംഭവത്തിലൂടെ വെളിവാകുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

സമാധാനപരമായി പ്രതിഷേധിക്കും -കോടിയേരി

എ.കെ.ജി. സെന്ററിനു നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകര്‍ന്നുവെന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കുറച്ചുനാളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ആക്രമണം. യു.ഡി.എഫ്., ബി.ജെ.പി. കൂട്ടുകെട്ടിന്റെ പ്രവര്‍ത്തനങ്ങളെ സമാധാനപരമായി ചെറുക്കാനാകണം.

എറിഞ്ഞത് ബോംബ് -ഇ.പി.ജയരാജന്‍

എറിഞ്ഞത് ബോംബാണെന്നും ഇതിന് പിന്നില്‍ കോണ്‍ഗ്രസ്സ് ആണെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആരോപിച്ചു. സംഭവത്തിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ട്. പ്രവര്‍ത്തകര്‍ പ്രകോപിതരാവരുത്.


Content Highlights: Bomb hurled at AKG Centre in Thiruvananthapuram

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented