കൊല്ലം: പത്തനാപുരത്ത് ബോംബ് ശേഖരം കണ്ടെത്തി. പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍തോട്ടത്തില്‍നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജെലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്. 

ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പതിവ് പരിശോധന നടത്താറുണ്ട്. ഇന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് ജെലാറ്റിന്‍ സ്റ്റിക്കുകള്‍, ആറ് ബാറ്ററികള്‍, വയറുകള്‍, ഇവ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന പശ എന്നിവയാണ് കണ്ടെടുത്തത്. ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. ഇവയ്ക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ അന്വേഷണത്തിനായി ബോംബ് സ്‌ക്വാഡ് പ്രദേശത്ത് പരിശോധന നടത്തും. 

ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ചിലര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ക്യാമ്പ് നടത്തിയിരുന്നതായി നേരത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, ഡി.ജി.പിക്ക് വിവരം കൈമാറിയിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്താന്‍ പോകുന്നതെന്നാണ് സൂചന. കണ്ടെത്തിയത് ഉഗ്ര സ്‌ഫോടനശേഷിയുള്ള വസ്തുക്കളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 

തീവവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ തീവ്രവാദ സംഘടനകളുടെ ബന്ധം അടക്കമുള്ള കാര്യം അന്വേഷിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പുനലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തി. 

content highlights: bomb found in kollam pathanapuram