'റോഡില്‍ തടസ്സമുണ്ട്, പിന്നെ വിളിക്കാം' എന്നു പറഞ്ഞു; മിന്നല്‍പ്രളയം തട്ടിയെടുത്തത് ധീര യോദ്ധാവിനെ


വി.എസ്. സിജു

നിർമലിന്റെയും ഗോപിചന്ദ്രയുടെയും വിവാഹ വേളയിൽ നിർമലിന്റെ അച്ഛൻ ശിവരാജൻ, അമ്മ സുബൈദ, സഹോദരി ഐശ്വര്യ എന്നിവർ

കൊച്ചി: ''കാര്‍ഗിലില്‍ യുദ്ധം നടക്കുമ്പോള്‍ ഏഴ് വയസ്സായിരുന്നു നിര്‍മലിന്. യുദ്ധ വാര്‍ത്തകള്‍ ടെലിവിഷനില്‍ ശ്രദ്ധയോടെ കണ്ടിരിക്കുമായിരുന്നു അവന്‍. വലുതാകുമ്പോള്‍ സൈനികനാകുമെന്ന് അന്നേ പറയുമായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം സിവില്‍ സര്‍വീസ് പരിശീലനത്തിനു പോയ അവന്‍ അവിടെ നിന്ന് നേരേ പോയത് സൈന്യത്തില്‍ ചേരാനാണെന്ന് അറിഞ്ഞത് പിന്നീടായിരുന്നു...'' നിര്‍മലിന്റെ ഫോണ്‍ വിളിക്കായി മൂന്നുദിവസമായി കാത്തിരുന്ന അച്ഛന്‍ പി.കെ. ശിവരാജന്റെ വാക്കുകള്‍ പതറി.

യാത്രയ്ക്കിടെ കാണാതായ നിര്‍മല്‍ തിരികെ എത്തുമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. അതിനായാണ് പ്രാര്‍ഥിച്ചത്. എന്നും സാഹസികതയെ ഇഷ്ടപ്പെട്ട മകന് മിന്നല്‍ പ്രളയത്തെയും മറികടക്കാന്‍ കഴിയുമെന്ന് അവര്‍ കരുതി. ആ പ്രതീക്ഷകളെല്ലാം തകര്‍ത്തുകൊണ്ടാണ് നിര്‍മലിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള ഫോണ്‍ വിളി എത്തിയത്.

ഓഗസ്റ്റ് 15-ന് രാത്രി മുതല്‍ മാമംഗലം ഭാഗ്യതാര നഗര്‍ പെരുമൂഴിക്കല്‍ വീട്ടില്‍ അണകെട്ടിയ സങ്കടം അതോടെ കണ്ണീരായി മാറി. നിര്‍മലിന്റെ അമ്മ സുബൈദയും സഹോദരി ഐശ്വര്യയും ദുഃഖം അടക്കാനാവാതെ തേങ്ങിക്കരഞ്ഞു.

കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷ പാസായി 22-ാം വയസ്സിലാണ് നിര്‍മല്‍ ദെഹ്റാദൂണ്‍ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ചേര്‍ന്നത്. ഒന്നര വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി ലഫ്റ്റനന്റായി സര്‍വീസില്‍ പ്രവേശിച്ചു. രണ്ട് വര്‍ഷം അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയിലായിരുന്നു സേവനം. തുടര്‍ന്ന് രാജസ്ഥാനില്‍ സൂരജ്ഘട്ടില്‍ പാക് അതിര്‍ത്തിയിലും സേവനം അനുഷ്ഠിച്ചു.

ഇതിനിടെ കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം സ്വദേശിനിയും സൈന്യത്തില്‍ ലഫ്റ്റനന്റുമായ ഗോപിചന്ദ്രയെ വിവാഹം കഴിച്ചു. ഇതിനുശേഷമാണ് പച്മഡിയിലെ എ.ഇ.സി. ട്രെയ്നിങ് സെന്ററില്‍ ചൈനീസ് ഭാഷ പഠിക്കാന്‍ ചേര്‍ന്നത്. ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വീണ്ടും ചൈനീസ് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുക എന്നതായിരുന്നു നിര്‍മലിന്റെ ആഗ്രഹം. ആര്‍മി എജ്യുക്കേഷന്‍ കോറിലാണ് നിര്‍മല്‍ ഉള്‍പ്പെടുന്നത്.

ബാങ്കില്‍ ജോലി കിട്ടിയിട്ടും പോയില്ല

സാഹസികതയെ വെല്ലുവിളിയായി സ്വീകരിച്ച പ്രകൃതമായിരുന്നു എന്നും. ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോള്‍ തന്നെ സെന്‍ട്രല്‍ ബാങ്കില്‍ ജോലി ലഭിച്ചെങ്കിലും സ്വീകരിക്കാതിരുന്നത് സാഹസികതയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. സൈന്യത്തില്‍ ചേര്‍ന്ന ശേഷം കമാന്‍ഡോ വിങ്ങില്‍ ചേരാനായിരുന്നു താത്പര്യം. അമ്മ അനുമതി നല്‍കാത്തതിനാല്‍ മാത്രമാണ് അതില്‍നിന്ന് പിന്‍മാറിയത്. എളമക്കര ഭവന്‍സ് വിദ്യാമന്ദിറിലായിരുന്നു നിര്‍മലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. തേവര എസ്.എച്ച്. കോളേജില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. തുടര്‍ന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.

റോഡില്‍ തടസ്സമുണ്ട്, പിന്നെ വിളിക്കാം....

അമ്മേ, റോഡില്‍ തടസ്സമുണ്ട്, നോക്കട്ടെ. ഞാന്‍ പിന്നെ വിളിക്കാം; ഇതായിരുന്നു നിര്‍മല്‍ അമ്മ സുബൈദയോട് ഫോണില്‍ അവസാനം പറഞ്ഞത്. ജബല്‍പുരില്‍നിന്ന് മടങ്ങുംവഴി 15-ന് രാത്രി 7.50-നാണ് നിര്‍മല്‍ അമ്മയെ വിളിച്ചത്. പിന്നീട് ജബല്‍പുരിലുള്ള ഭാര്യയെ വിളിച്ച് റോഡ് ബ്ലോക്കായതിനാല്‍ വഴി മാറി പോകുകയാണെന്നറിയിച്ചു. പിന്നീട് വിവരമൊന്നും ഉണ്ടായില്ല.

മകന്‍ തിരിച്ചുവിളിക്കാതായതോടെ രാത്രി ഒമ്പതുമണിയോടെ സുബൈദ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ശക്തമായ പ്രളയത്തില്‍ അകപ്പെട്ടിട്ടും രക്ഷപ്പെടാനുള്ള ശ്രമം നിര്‍മലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് സൈന്യം വിലയിരുത്തുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിന്റെ ഭാഗത്തെ ഡോര്‍ തുറന്നാണ് കിടന്നത്. വാഹനത്തില്‍ നിന്ന് അല്പം അകലെയായാണ് മൃതദേഹം കിടന്നത്. അപകടത്തില്‍പ്പെട്ട സ്ഥലത്തെ കാലാവസ്ഥ തിരച്ചിലിന് അനുയോജ്യമല്ലെന്ന വിവരമായിരുന്നു ആദ്യം ലഭിച്ചത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സൈന്യവുമായി ബന്ധപ്പെട്ടപ്പോള്‍ നിര്‍മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയെന്ന് അറിയിച്ചു. ഇതിനു പിന്നാലെയാണ് മൃതദേഹം കിട്ടിയെന്ന വിവരം അറിയിക്കുന്നത്.

നിര്‍മലിനെ കണ്ടെത്താന്‍ വിപുലമായ തിരച്ചിലാണ് സൈന്യവും മധ്യപ്രദേശ് സര്‍ക്കാരും നടത്തിയത്. മകനെ കണ്ടെത്താനുള്ള നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ പി.കെ. ശിവരാജന്‍ ബുധനാഴ്ച രാവിലെ തന്നെ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന് ഇ-മെയില്‍ അയച്ചിരുന്നു. തിരച്ചില്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് ഹൈബി ഈഡന്‍ എം.പി.യും കത്തയച്ചു.

മരണ വിവരം അറിഞ്ഞ് മന്ത്രി പി. രാജീവ്, ഉമാ തോമസ് എം.എല്‍.എ., വാര്‍ഡ് കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ്, ബി.ജെ.പി. നേതാവ് സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ ഭാഗ്യതാര നഗറിലുള്ള നിര്‍മലിന്റെ വീട്ടില്‍ എത്തിയിരുന്നു.

Content Highlights: Body of missing Malayali captain Nirmal Sivaraj found in Madhya Pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented